എം.എം ലോറൻസിന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി; വൈകിട്ട് 4 വരെ പൊതുദർശനം

 

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. രാവിലെ വീട്ടിലെത്തിച്ച മൃതദേഹം പാർട്ടി ജില്ലാ ആസ്ഥാനമായ ലെനിൻ സെന്ററിലാണ് പൊതുദർശനത്തിന് വച്ചത്.

രാവിലെ ഒൻപതേകാലോടെ എറണാകുളം ടൗൺഹാളിൽ ആരംഭിച്ച പൊതുദർശനം വൈകിട്ട് 4  വരെ തുടരും. തുടർന്ന് മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി എറണാകുളം ഗവ. മെ‍ഡിക്കൽ കോളജിന് വിട്ടുനൽകും.

മുഖ്യമന്ത്രി ടൗൺഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. മന്ത്രിമാർ, എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, സിപിഎം നേതാക്കളായ വൈക്കം വിശ്വൻ, എം.എ.ബേബി, തോമസ് ഐസക്, എളമരം കരീം, എസ്.ശർമ, സി.എസ്.സുജാത, എം.സ്വരാജ്, പാർട്ടി ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ അടക്കമുള്ളവർ ടൗൺഹാളിലുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ളവർ വൈകാതെ ടൗൺഹാളിലെത്തും.

വാര്‍ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്ന ലോറൻസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഏഴു ദശകത്തോളം എറണാകുളത്തിന്റെ പൊതുജീവിതത്തിൽ നിറഞ്ഞുനിന്ന ആളെന്ന നിലയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരാണ് ആദരാഞ്ജലി അർപ്പിക്കാനെത്തുന്നത്.