മുഖ്യമന്ത്രി  എല്ലാ അനുമതിയും വാങ്ങിയാണ് പോയത്, ഒരു ഇടവേള ആരാണ് ആഗ്രഹിക്കാത്തത് ? 

 

മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ അനുമതിയും വാങ്ങിയാണ് കുടുംബസമേതം വിദേശത്തേക്ക് പോയത് .  ഒരു ഇടവേള ആരാണ് ആഗ്രഹിക്കാത്തത് എംവി ഗോവിന്ദൻ. വിദേശകാര്യമന്ത്രിയുടെ വാദം വില കുറഞ്ഞതാണ്. ജനം ദുരിതം അനുഭവിച്ചപ്പോള്‍ ഒന്നും ചെയ്യാത്തവരാണ് യുഡിഎഫ്. അവരാണിപ്പോൾ കുറ്റം പറയുന്നത്. കോൺഗ്രസിന് എന്നും കേരള വിരുദ്ധ നിലപാടായിരുന്നു. 

മുഖ്യമന്ത്രി എന്ന നിലയിൽ കേന്ദ്ര സർക്കാരിന്‍റെയും പാർട്ടി അംഗമെന്ന നിലയിൽ പാർട്ടിയുടേയും അനുമതി വാങ്ങിയാണ് വിദേശത്ത് പോയത്. സ്വകാര്യ സന്ദർശനത്തിനാണ് പോയത്. യാത്ര പുതിയ കാര്യമാക്കി ചർച്ച ചെയ്യുന്നത് രാഷ്ട്രീയ വിരോധവും കമ്യൂണിസ്റ്റ്  ഇടതുപക്ഷ വിരുദ്ധതയുമാണ്. പെരുമാറ്റചട്ടം നിലനിൽക്കെ നയപരമായ ഒരു കാര്യവും ചെയ്യാനില്ല. തിരക്കിനിടയിൽ കിട്ടിയ അവസരം ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റെന്നും എംവി ഗോവിന്ദൻ ചോദിച്ചു. വേട്ടയാടാൻ വേണ്ടി മാത്രം മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ ഉപയോഗിക്കുകയാണ്. യാത്ര സ്പോണ്‍സര്‍ ചെയ്തതാണോയെന്ന ചോദ്യം തന്നെ ശുദ്ധ അസംബന്ധമാണ്. സ്വന്തം പണം ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.