അടിയന്തര പ്രമേയമെല്ലാം അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി; സഭ നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ്; സഭയിൽ വാക്‌പോര്

 

സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ രൂക്ഷമായ വാക് പോര്. എല്ലാ വിഷയത്തിലും അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാൻ ആകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഭ നടക്കില്ല എന്ന് വി ഡി സതീശൻ നിലപാട് എടുത്തു. 

പ്രതിപക്ഷ നേതാവ് വൈകാരികമായും പ്രകോപനപരവുമായി സംസാരിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് ആരാണ് ബാലൻസ് തെറ്റി സംസാരിക്കുന്നത് എന്ന് വി ഡി സതീശൻ തിരിച്ചടിച്ചു. ജൂനിയർ എംഎൽഎ മാത്യു കുഴൽ നാടൻ സംസാരിച്ചപ്പോൾ എത്ര തവണ മുഖ്യമന്ത്രി ഇടപെട്ടു എന്ന് വി ഡി സതീശൻ ചോദിച്ചു. കക്ഷി നേതാക്കളുടെ യോഗത്തിൽ ഒരുതരത്തിലും വിട്ടു വീഴചയ്ക്കില്ലെന്ന് ഭരണ പ്രതിപക്ഷം നിലപാടെടുത്തതോടെ നിയമസഭ സുഗമമായി മുന്നോട്ട് പോകില്ലെന്ന് ഉറപ്പായി. യോഗത്തിന് ശേഷം സഭാതലത്തിലെത്തിയ പ്രതിപക്ഷം പ്രതിഷേധം തുടർന്നു. സ്പീക്കറിൻറെ ഡയസിനു താഴെ പ്രതിഷേധം തുടരുന്നതിനിടെ ആദ്യം സ്പീക്കർ ചോദ്യോത്തര വേള സസ്‌പെൻഡ് ചെയ്തു. തുടർന്ന് നടപടി ക്രമങ്ങൾ വേഗത്തിലാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു