71 കോടി കൈക്കൂലി വാങ്ങി; ചൈനയിലെ മുൻ ഗവർണർക്ക് 13 വർഷം തടവും 1.18 കോടി രൂപ പിഴയും

 
പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ ചൈനയിലെ മുൻ ഗവർണർക്ക് 13 വർഷം തടവും 1.18 കോടി രൂപ പിഴയും വിധിച്ചു.
"സുന്ദരിയായ ഗവർണർ" എന്ന് വിളിപ്പേരുള്ള സോങ് യാങിനെതിരെയാണ് നടപടി. ഇവർ കീഴുദ്യോഗസ്ഥരായ 58 പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നും ഏകദേശം 60 ദശലക്ഷം യുവാൻ (71 കോടി) കൈക്കൂലിയായി വാങ്ങിയെന്നും കണ്ടെത്തിയിരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) ഗ്വിഷോ പ്രവിശ്യയിലെ ക്വിയാനൻ പ്രിഫെക്ചറില്‍ ഗവർണറായും ഡെപ്യൂട്ടി സെക്രട്ടറിയായും ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 52കാരിയായ ഇവർ 22-ാം വയസിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ ചേർന്നത്. കർഷകർക്ക് സഹായകമായ ഫ്രൂട്ട് ആന്റ് അഗ്രികള്‍ച്ചർ അസോസിയേഷൻ ആരംഭിച്ചതിലും പ്രായമായവരെ സഹായിക്കാൻ സ്വന്തം പണം ഉപയോഗിച്ചതിലൂടെയും സോങ് യാങ് ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് സോങ് യാങ് നടത്തിയ പല അഴിമതികളും പുറത്തുവന്നത്. ഗ്യൂയ്‌ചോ റേഡിയോ ആൻഡ് ടെലിവിഷൻ സംപ്രേഷണം ചെയ്‌ത ഡോക്യുമെന്ററിയി ഗവർണർ നടത്തിയ അധികാര ദുർവിനിയോഗങ്ങള്‍ എണ്ണിയെണ്ണി ചൂണ്ടിക്കാട്ടിയിരുന്നു. ഗവർണർ പദവിയിലിരിക്കെ തനിക്ക് വേണ്ടപ്പെട്ട കമ്ബനികള്‍ക്ക് കരാറുകള്‍ ലഭിക്കാൻ കൈക്കൂലി വാങ്ങി, ഹൈടെക്ക് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ താനുമായി അടുത്തബന്ധമുള്ള വ്യവസായിക്ക് ഭൂമി അനുവദിച്ചു തുടങ്ങിയവയായിരുന്നു പ്രധാന ആരോപണങ്ങള്‍.
തനിക്ക് വ്യക്തിപരമായി ബന്ധമില്ലാത്ത കമ്പിനികളെയെല്ലാം സോങ് യാങ് തഴഞ്ഞിരുന്നതായാണ് നേരത്തെ പുറത്തുവന്ന ഡോക്യുമെന്ററിയില്‍ വ്യവസായികള്‍ പരാതിപ്പെട്ടിരുന്നത്. സോങ് യാങ്ങുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട കീഴുദ്യോഗസ്ഥരെ സംബന്ധിച്ചും ഡോക്യുമെന്ററിയില്‍ വിശദീകരിച്ചിരുന്നു. ഇതില്‍ ചിലർ സോങ് വാഗ്ദാനം ചെയ്‌ത ആനുകൂല്യങ്ങള്‍ കൈപ്പറ്റി സ്വമേധയാ ഇവരുമായി ലൈംഗികബന്ധത്തിലേർപ്പെടുകയായിരുന്നു.
എന്നാല്‍, ചില‌ർ ഭയന്നാണ് വഴങ്ങിയത്. അധികജോലിയെന്നും ബിസിനസ് യാത്രകളെന്നും പറഞ്ഞാണ് ഇവർ കീഴുദ്യോഗസ്ഥരുമായി സമയം ചെലവഴിച്ചിരുന്നത്.