നയന സൂര്യ മരണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെത്തി ക്രൈം ബ്രാഞ്ച് സംഘം

 



നയന സൂര്യ മരണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെത്തി. മ്യൂസിയം പോലീസില്‍ നിന്ന് ഇവ ക്രൈം ബ്രാഞ്ച് സംഘം ശേഖരിച്ചു. മരണ സമയത്ത് മുറിയില്‍ ഉണ്ടായിരുന്ന ബെഡ്ഷീറ്റ് ഉള്‍പ്പടെയുള്ള തുണികള്‍ കൈമാറി. മരണ സമയത്തു നയന ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കാണാതായത് വിവാദമായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ബെഡ്ഷീറ്റ് ഉള്‍പ്പടെ കണ്ടെത്തിയത്.
ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. മറ്റു തൊണ്ടിമുതലുകള്‍ കണ്ടെത്താന്‍ പരിശോധന തുടരുകയാണ്.

2019 ഫെബ്രുവരി 24നാണ് യുവ സംവിധായക നയന സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ ഫ്ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 28 വയസ്സായിരുന്നു. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റായിരുന്നു.

കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ്. ലെനിന്‍ രാജേന്ദ്രന്റെ മകര മഞ്ഞ് എന്ന സിനിമയിലൂടെയാണ് അസിസ്റ്റന്റ് ഡയറക്ടറായി അരങ്ങേറ്റം കുറിച്ചത്. നിരവധി പരസ്യ ചിത്രങ്ങളും സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ക്രോസ്സ് റോഡ് എന്ന ചിത്രത്തിന്റെ ഒരു ഭാഗവും സംവിധാനം ചെയ്തിട്ടുണ്ട്. ആലപ്പാട് സ്വദേശിയായ നയന ആലപ്പാട് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുകളുമായി രംഗത്ത് എത്തിയിരുന്നു.