ഡിജിപിയുടെ ഭൂമി ഇടപാട് കേസ്; പരാതിക്കാരന് മുഴുവൻ തുകയും തിരികെ നൽകും

 

സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെട്ട ഭൂമി ഇടപാട് കേസ് വൻ വിവാദമായതോടെ ഒത്തുതീർക്കാൻ നീക്കം. പരാതിക്കാരനായ പ്രവാസിക്ക് മുഴുവൻ തുകയും ഡിജിപി ഇന്ന് തന്നെ തിരിച്ച് നൽകാനാണ് ശ്രമം.

ഇതിനിടെ ബാദ്ധ്യത മറച്ചുവച്ച് ഡിജിപി നടത്തിയ ഭൂമി ഇടപാടിനെ കുറിച്ച് മുഖ്യമന്ത്രിക്ക് നേരത്തെ പരാതി നൽകിയതിന്റെ വിവരം പുറത്തായി. ഗുരുതരസ്വാഭാവമുള്ള പരാതി പരിഗണനയിലിരിക്കെയാണ് ഡിജിപി ഷെയ്ഖ് ദർവ്വേഷ് സാഹിബിന് കാലാവധി നീട്ടിനൽകിയത്.

ഭൂമി ജപ്തിചെയ്യാൻ കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. തോന്നയ്‌ക്കൽ റഫാ മൻസിലിൽ താമസിക്കുന്ന തൈക്കാട് ഡി.പി.ഐ ജംഗ്ഷൻ ജെ.പി.എൻ-166ൽ ആർ. ഉമർ ഷെരീറിന്റെ ഹർജിയിലായിരുന്നു നിർദേശം. ഡി.ജി.പിയുടെയും ഭാര്യ ഫരീദാ ഫാത്തിമയുടെയും പേരിൽ പേരൂർക്കട മണികണ്‌ഠേശ്വരത്തുള്ള 10.800 സെന്റ് വസ്തുവിന് 74 ലക്ഷം രൂപയ്‌ക്ക് വാങ്ങുന്നതിന് ഉമർ കരാർ ഒപ്പിട്ടിരുന്നു.

രണ്ട് മാസത്തിനകം ഭൂമി കൈമാറാമെന്നായിരുന്നു കരാർ. കരാർ ദിവസം ഉമർ 15 ലക്ഷം രൂപയും രണ്ട് ദിവസം കഴിഞ്ഞ് 10 ലക്ഷവും നൽകി. ഒരാഴ്ച കഴിഞ്ഞ് ഡി.ജി.പി ഓഫീസിലെത്തി അഞ്ച് ലക്ഷവും നൽകി. 30 ലക്ഷം കൈപ്പറ്റിയെന്ന് അന്നുതന്നെ ഡി.ജി.പി കരാർ പത്രത്തിന് പിന്നിൽ എഴുതി നൽകി.