കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറി മറിഞ്ഞു; രണ്ട് അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
കണ്ണൂര്‍ പയ്യാവൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് പയ്യാവൂര്‍ മൂത്താറികുളത്താണ് അപകടം സംഭവിച്ചത്. ഒരു വീടിന്റെ കോണ്‍ക്രീറ്റ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്.
അപകടം നടന്ന ഉടൻ തന്നെ രണ്ടുപേരും ലോറിക്കടിയില്‍ കുടുങ്ങിപ്പോയിരുന്നു. നാട്ടുകാരും അധികൃതരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് ആറ് തൊഴിലാളികളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
മരിച്ചവരുടെ മൃതദേഹങ്ങൾ പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പയ്യാവൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.