കെജ്‌രിവാളിലേക്ക് ഇഡി എത്താന്‍ കാരണം കോണ്‍ഗ്രസ്, പാഠം ഉള്‍ക്കൊണ്ടാല്‍ നല്ലത്: പിണറായി വിജയന്‍

 

 എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം അരവിന്ദ് കെജ്‌രിവാളിലേക്ക് എത്താന്‍ കാരണം കോണ്‍ഗ്രസാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ക്കെതിരായി കേന്ദ്രം നടപടി സ്വീകരിച്ചപ്പോള്‍ ആ ഏജന്‍സിക്ക് ഒപ്പം നില്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കേന്ദ്ര ഏജന്‍സികള്‍ എടുത്ത നടപടി പോരാ, കൂടുതല്‍ നടപടി വേണം എന്നാണ് കോണ്‍ഗ്രസ് നിലപാട് എടുത്തത്. ഇതിന്റെ ഏറ്റവും വലിയ ഇരയാണ് കെജ്‍രിവാളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളുടെ റാലി ബിജെപിക്കു താക്കീതായി മാറി. കോണ്‍ഗ്രസിനും ഈ റാലി പാഠമായി. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസിനെതിരെയും നടപടി ഉണ്ടായി. കെജ്‍രിവാളിലേക്ക് ഇഡി എത്താന്‍ കാരണം കോണ്‍ഗ്രസാണ്.

മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തപ്പോള്‍ എന്ത് കൊണ്ട് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കോണ്‍ഗ്രസ് ചോദിച്ചത്. ഇപ്പോഴെങ്കിലും ഡല്‍ഹിയിലെ റാലി പോലെയുള്ള പരിപാടിയില്‍ പങ്കെടുത്തത് നന്നായി. പക്ഷേ മുമ്പ് എടുത്ത സമീപനം തെറ്റായി എന്നവര്‍ പറയണമായിരുന്നു. ഇതില്‍ നിന്നൊക്കെ അനുഭാവ പാഠം ഉള്‍ക്കൊണ്ടാല്‍ കോണ്‍ഗ്രസിന് നല്ലത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.