'കോൺഗ്രസ് ദിവസവും എന്നെ അധിക്ഷേപിക്കാൻ മറക്കാറില്ല': കോൺഗ്രസിനെതിരെ ആരോപണവുമായി പ്രധാനമന്ത്രി

 

കോൺഗ്രസ് തന്നെ അധിക്ഷേപിക്കാൻ ഒരിക്കലും മറക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആദ്യ ഗോത്ര വനിതാ രാഷ്ട്രപതിയായുള്ള ദ്രൗപദി മുർമുവിന്റെ സ്ഥാനാർഥിത്വത്തെയും കോൺഗ്രസ് എതിർത്തതായും പ്രധാനമന്ത്രി ആരോപിച്ചു. നവംബർ 17ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ സിധി ജില്ലയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘എന്നെ ദിവസവും അധിക്ഷേപിക്കാൻ കോൺഗ്രസ് ഒരിക്കലും മറക്കാറില്ല. ഗോത്രവർഗക്കാരുടെ വോട്ട് ബാങ്കിൽ മാത്രമാണ് കോൺഗ്രസിനു താൽപര്യമുള്ളത്. അവരുടെ ക്ഷേമത്തിലല്ല. രാജ്യത്തെ ആദ്യ ഗോത്ര വനിതാ രാഷ്ട്രപതിയെ പോലും അവർ എതിർത്തു. മുൻകൂട്ടി ക്ഷണം ലഭിച്ചിട്ടും രാജ്യത്തെ ആദ്യ ട്രൈബൽ ചീഫ് ഇൻഫർമേഷൻ കമ്മിഷണറുടെ (സിഐസി) സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുത്തില്ല’– പ്രധാനമന്ത്രി പറ‍ഞ്ഞു. 

തന്റെ സർക്കാർ അഴിമതികൾ അവസാനിപ്പിച്ചതിലൂടെ, ആ പണം പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ വിനിയോഗിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. പരമ്പരാഗത കരകൗശല തൊഴിലാളികൾക്കായുള്ള പ്രധാനമന്ത്രി വിശ്വകർമ പദ്ധതിക്കായി 13,000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.