ഭൂമി വിതരണവുമായി ബന്ധപ്പെട്ട അഴിമതി; സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി

 


മൈസൂരു നഗര വികസന അതോറിറ്റിയുടെ ഭൂമി വിതരണവുമായി ബന്ധപ്പെട്ട അഴിമതിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. ജില്ലാ കേന്ദ്രങ്ങളിൽ നാളെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. അഴിമതി നിരോധന നിയമപ്രകാരം സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കും.

ഇതിനിടെ സിദ്ധരാമയ്യയും, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ബംഗളൂരുവിലെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തി. ഗവർണറുടേത് ഭരണഘടന വിരുദ്ധ നടപടിയാണെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക ക്യാമ്പയിൻ നടത്താനാണ് കോൺഗ്രസിന്റെ തീരുമാനം.

പാർട്ടി സിദ്ധരാമയ്യക്കൊപ്പം നിൽക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പ്രഖ്യാപിച്ചിരുന്നു. സിദ്ധരാമയ്യക്കെതിരായ നടപടി ഗവർണറെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. ഭരണഘടന വിരുദ്ധമായ ഈ നടപടിയിലൂടെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കഴിയില്ല. സിദ്ധരാമയ്യ രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും പാർട്ടി അദ്ദേഹത്തിന് ഒപ്പം നിലകൊളളുമെന്നും ശിവകുമാർ പറഞ്ഞു.