വോട്ടെണ്ണൽ ദിനം; തകർന്നടിഞ്ഞ് ഒഹരി വിപണി,  അദാനിയടക്കം വീണു; ഇന്ന് തിരിച്ചു കയറി 

 

വോട്ടെണ്ണൽ ദിനമായ ഇന്നലെ നേരിട്ട വമ്പൻ തിരിച്ചടിയിൽ നിന്നും ഇന്ത്യൻ വിപണിക്ക് ഉയിർപ്പ്. അപ്രതീക്ഷിത നീക്കങ്ങളുണ്ടായില്ലെങ്കിൽ എൻ ഡി എ സർക്കാർ രൂപീകരിക്കുമെന്ന് വ്യക്തമായതോടെയാണ് വിപണിയും ഉയിർത്തെഴുന്നേറ്റത്. ഇന്നലത്തെ വൻ തകർച്ചയ്ക്ക് ശേഷം ഇന്ന് വ്യാപാരത്തിന്‍റെ തുടക്കത്തിൽ തന്നെ വിപണിയിൽ ഉണർവ് ദൃശ്യമായി. സെൻസെക്സ് 500 പോയിന്‍റും നിഫ്റ്റി 150 പോയിന്‍റും  ഉയർന്നത് ശുഭ സൂചകമായി

അതേസമയം കൊവിഡ് കാലത്തിന് ശേഷം ഇന്ത്യൻ വിപണി നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇന്നലത്തേത്. അദാനി ഗ്രൂപ്പ് അടക്കം വമ്പൻ തിരിച്ചടിയാണ് നേരിട്ടത്. 19 ശതമാനം ഇടിവാണ് അദാനി ഓഹരികളിൽ ഒരുഘട്ടത്തിലുണ്ടായത്. ആദ്യ മണിക്കൂറില്‍ തന്നെ നിക്ഷേരകരുടെ നഷ്ടം 2.48 ലക്ഷം കോടി കവിഞ്ഞു. 

ഇതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ആകെ വിപണി മൂല്യം 16.94 ലക്ഷം കോടിയായി ഇടിയുകയും ചെയ്തു. അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികളാണ് ഇന്നലെ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ഏതാണ്ട് 19 ശതമാനം ഇടിവ് ഈ ഓഹരികളിലുണ്ടായി. അദാനി എന്‍റര്‍പ്രൈസസ് ഓഹരികള്‍ 10 ശതമാനം ഇടിഞ്ഞു. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 3.74 ലക്ഷം കോടിയായി കുറഞ്ഞു.