ചികിത്സാപിഴവ് ആരോപിച്ച് നഴ്സുമാരെ അറസ്റ്റ് ചെയ്യരുത്; സർക്കാർ സർക്കുലർ പുറപ്പെടുവിക്കണം: ഹൈക്കോടതി

 

ചികിത്സാപിഴവ് ആരോപിച്ച് നഴ്സുമാരെ അറസ്റ്റ് ചെയ്യരുതെന്ന് കേരള ഹൈക്കോടതി. ചേർത്തല താലൂക്ക് ആശുപത്രിയിലെ താത്‌കാലിക നഴ്‌സായിരുന്ന യുവതിയുടെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക്‌ കേസ് രജിസ്റ്റർ ചെയ്ത സംഭവം ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

യുവതിയുടെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക്‌ പോലീസ് രജിസ്റ്റർചെയ്ത കേസ് റദ്ദാക്കാൻ ഉത്തരവിട്ട കോടതി, ചികിത്സപ്പിഴവുണ്ടായി എന്ന പരാതിയുടെ പേരിൽ നഴ്‌സുമാരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടി പാടില്ലെന്ന് നിർദ്ദേശിക്കുന്ന സർക്കുലർ മൂന്നുമാസത്തിനുള്ളിൽ പുറപ്പെടുവിക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

10 വയസ്സുള്ള കുട്ടിക്ക്‌ ചികിത്സനൽകുന്നതിൽ വീഴ്ചയുണ്ടായി എന്നാരോപിച്ചായിരുന്നു ചേർത്തല താലൂക്ക് ആശുപത്രിയിലെ താത്‌കാലിക നഴ്‌സായിരുന്ന യുവതിയുടെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക്‌ പോലീസ് രജിസ്റ്റർചെയ്തത്. രോഗീപരിചരണത്തിനായി രാവുംപകലും പ്രവർത്തിക്കുന്ന നഴ്‌സുമാരുടെ സേവനം അംഗീകരിക്കപ്പെടണമെന്ന് കോടതി പറഞ്ഞു.

ചികിത്സപ്പിഴവിനെക്കുറിച്ചുള്ള പരാതിയിൽ ഡോക്ടർമാരുടെപേരിൽ കേസെടുക്കുന്നതിന് മുൻപ് വിദഗ്ധാഭിപ്രായം തേടണമെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. സമാന പരിരക്ഷ നഴ്‌സുമാർക്കും ഉറപ്പാക്കണം. ഡോക്ടർമാരുടെ കാര്യത്തിൽ 2008-ൽ പുറപ്പെടുവിച്ച സർക്കുലറിന് സമാനമായ സർക്കുലർ പുറപ്പെടുവിക്കാനാണ് കോടതി നിർദേശിച്ചത്.