'ഒരിടത്തെങ്കിലും മികച്ച നടപ്പാത ഇല്ലാതെ എന്ത് നഗരമാണിത്'; കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ വിമര്‍ശിച്ച് ഹൈക്കോടതി

 

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ഒരിടത്തെങ്കിലും മികച്ച നടപ്പാത ഇല്ലാതെ എന്ത് നഗരമാണിതെന്ന് കോടതി ചോദിച്ചു. എം ജി റോഡിലെ നടപ്പാതയുടെ അവസ്ഥ സങ്കടകരമാണെന്നും സീബ്രാ ക്രോസിംഗിന്റെ മുകളിൽ കാറിടുന്ന അവസ്ഥയാണെന്നും ഹൈക്കോടതി അമർഷം രേഖപ്പെടുത്തി. 

കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ച് വരുത്താമെന്ന് കോടതി അറിയിച്ചു. കൊച്ചിയിൽ ഏത് റോഡും നടപ്പാതയുമാണ് സുരക്ഷിതമെന്നായിരുന്നു കോടതിയുടെ ചോദ്യം. മുൻകാല ഉത്തരവുകൾ കളക്ടർ പരിശോധിച്ച് നടപടിയെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസെടുക്കാൻ ഉത്തരവിട്ടത്.

നഗരത്തിലെ ആറ് പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ പ്രത്യേകം എടുത്ത് പറഞ്ഞാണ് ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ ഇടപ്പെട്ടത്. കലൂർ കടവന്ത്ര റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, തേവര റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്കവട്ടം റോഡ്, വൈറ്റില കുണ്ടന്നൂർ റോഡ് എന്നിവയാണ് കോടതി പരാമർശിച്ച പ്രധാന റോഡുകൾ.