അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിനെതിരായ പൊതുതാൽപ്പര്യ ഹർജിയിൽ ഹർജിക്കാരന് ഹൈക്കോടതിയുടെ വിമർശനം
അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിനെതിരായ പൊതുതാൽപ്പര്യ ഹർജിയിൽ ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പുസ്തകം കാണാതെയാണോ ഹർജി നൽകിയത്?. പുകവലിക്കെതിരെ മുന്നറിയിപ്പ് കവർ പേജിൽ നൽകിയിട്ടുണ്ടല്ലോ. പുസ്തകം മറിച്ചുപോലും നോക്കാതെയാണോ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും കോടതി ചോദിച്ചു. ഹർജിക്കാരനെതിരെ പിഴ വിധിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
അരുന്ധതി റോയിയുടെ മദർമേരി കംസ് ടു മീ എന്ന പുസ്തകത്തിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംധാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പുസ്തകത്തിന്റെ കവർ പുകവലിക്കുന്ന ചിത്രമാണെന്നും, പുകവലിക്കെതിരെ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നും, ഇത് യുവജനങ്ങളെ വഴിതെറ്റിക്കുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ ഹർജിയിൽ അരുന്ധതി റോയ്, പുസ്തക പ്രസാധകർ, കേന്ദ്രസർക്കാർ എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയിൽ പുസ്തകത്തിൽ പുകവലിക്കെതിരെ മുന്നറിയിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസാധകർ കോടതിയെ അറിയിച്ചു. തുടർന്നാണ് ഹർജിക്കാരനെ കോടതി വിമർശിച്ചത്. ഹർജിക്കാരൻ നിലപാട് അറിയിക്കണമെന്ന് വ്യക്തമാക്കിയ കോടതി, ഹർജി ഒക്ടോബർ 7 ന് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.