പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ അന്വേഷണമില്ല; അജിത് കുമാറിനെ മാറ്റേണ്ട'; അൻവറിനെ തള്ളി സിപിഎം
പിവി അൻവർ ഉന്നയിച്ച പരാതികളിൽ പി ശശിക്കെതിരെ പാർട്ടി അന്വേഷണം വേണ്ടെന്നാണ് തീരുമാനം. എഡിജിപി എം.ആർ അജിത്ത് കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു. എല്ലാ തരത്തിലുമുള്ള അന്വേഷണ റിപ്പോർട്ടുകളും അവസാനിച്ച ശേഷം നടപടിയെടുക്കാമെന്നാണ് തീരുമാനം.
കാര്യങ്ങൾ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയല്ലോ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ചർച്ചയിൽ ഔദ്യോഗിക വിശദീകരണം വന്നത്. തൃശൂർ പൂരം കലക്കൽ സംഭവത്തിൽ ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശക്ക് അനുസരിച്ച് തുടർ നടപടി സ്വീകരിക്കും. വിജിലൻസ് അന്വേഷണവും ഡിജിപിയുടെ നേതൃത്വത്തിൽ മറ്റൊരു അന്വേഷണവും എഡിജിപിക്കെതിരെ നടക്കുന്നതിനാൽ ഇതിന്റെയെല്ലാം റിപ്പോർട്ട് വന്ന ശേഷം അത് പരിശോധിച്ച് ആവശ്യമെങ്കിൽ എഡിജിപിയെ മാറ്റാമെന്നാണ് സിപിഎം എടുത്ത തീരുമാനം.
തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണം പ്രഖ്യാപിക്കുമെന്ന സൂചന ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി നൽകിയിരുന്നു. പൂരം കലക്കലിൽ ശക്തമായ നടപടി വേണമെന്ന് റവന്യൂ മന്ത്രി കെ രാജൻ മന്ത്രിസഭായോഗത്തിൽ ആവശ്യപ്പെട്ടു. എഡിജിപിയുടെ റിപ്പോർട്ടിൽ ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ശുപാർശ പരിഗണിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
പൂരം കലക്കലിൽ എഡിജിപിയുടെ റിപ്പോർട്ട് ഡിജിപിയുടെ കവറിംഗ് ലെറ്ററോടെ കിട്ടിയെന്ന് മുഖ്യമന്ത്രിയാണ് ആദ്യം മന്ത്രിസഭാ യോഗത്തെ അറിയിച്ചത്. ഇതിന് പിന്നാലെയായിരുന്നു സംഭവത്തിൻറെ ഗൗരവം കൂടിയെന്ന നിലക്ക് സിപിഐയുടെ രാഷ്ട്രീയ നിലപാട് റവന്യു മന്ത്രി കാബിനറ്റിൽ ഉന്നയിച്ചത്. എഡിജിപിയുടെ അന്വേഷണം പ്രഖ്യാപിച്ച സമയത്തെക്കാൾ സ്ഥിതി മാറിയെന്ന് കെ രാജൻ പറഞ്ഞു. പൂരം കലക്കലിൻറെ ഗൗരവം കൂടിയെന്നും ശക്തമായ അന്വേഷണവും നടപടിയും വേണമെന്നും കെ രാജൻ ആവശ്യപ്പെട്ടു. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ കൂടി അറിഞ്ഞ് തുടർ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.