ഭരണഘടനയെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കിയ സജി ചെറിയാന്‍ അധികാരത്തില്‍ തുടരരുത്; ഭരണഘടനയെ അവഹേളിക്കുന്നതില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരം: സന്ദീപ് വാര്യര്‍

 

രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നതില്‍ സി.പി.എം., ബി.ജെ.പി. നേതാക്കള്‍ക്ക് ഒരേ സ്വരമാണെന്ന് ബി.ജെ.പി.വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പറഞ്ഞു.

മന്ത്രി സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മന്ത്രിയുടെ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സന്ദീപ്.

രാഹുല്‍ഗാന്ധി ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. ഇതിന്റെ ഭാഗമായാണ് ത്രിവര്‍ണ പതാക കൈയിലേന്തി കന്യാകുമാരിമുതല്‍ കശ്മീര്‍വരെ ജോഡോ യാത്ര നടത്തിയത്.

ഭരണഘടനയെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കിയ മന്ത്രി സജി ചെറിയാന്‍ ഒരുനിമിഷംപോലും അധികാരത്തില്‍ തുടരരുത്. മന്ത്രിയും ചെങ്ങന്നൂരിലെ ബി.ജെ.പി.യും പരസ്പരസഹായ സഹകരണസംഘം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സന്ദീപ് ആരോപിച്ചു.