'സന്ദീപ് വാര്യര്‍ക്കെതിരെ സിപിഎം നൽകിയ പരസ്യം; തന്‍റെ പേരിലുള്ള ഫേയ്സ്ബുക്ക് പോസ്റ്റുകള്‍  വ്യാജം, നിയമ നടപടി സ്വീകരിക്കും': സന്ദീപ് വാര്യര്‍

 

 സന്ദീപ് വാര്യര്‍ക്കെതിരെ സിപിഎം നൽകിയ പത്ര പരസ്യത്തിലുള്ള തന്‍റെ പേരിലുള്ള ഫേയ്സ്ബുക്ക് പോസ്റ്റുകള്‍ പലതും വ്യാജമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. സിപിഎം വർഗീയ വിഭജനം ലക്ഷ്യമിട്ട നൽകിയ പരസ്യമാണിത്. പത്ര പരസ്യങ്ങളിൽ വന്ന പല പോസ്റ്റുകളും വ്യാജമാണ്.  സിപിഎം  കൃത്രിമമായി നിർമ്മിച്ചതാണ് തന്റെ പേരിലുള്ള പോസ്റ്റുകളെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. രണ്ട് പത്രങ്ങള്‍ മാത്രം ഇതിനായി തെരഞ്ഞെടുത്തത് തന്നെ അതിന്‍റെ ഭാഗമാണ്. ബിജെപിയെ പോലെ സിപിഎമ്മും വർഗീയ  ധ്രുവീകരനത്തിന് ശ്രമിക്കുകയാണ്. ഇതിനെതിരെ പാർട്ടിയുമായി ആലോചിച്ച് പരാതി നൽകും. 

അതേസമയം, സന്ദീപിന്‍റെ പോസ്റ്റുകള്‍ തന്നെയാണ് പരസ്യത്തിലുള്ളതെന്നും അല്ലെന്ന് തെളിയിക്കട്ടെയെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പറഞ്ഞു. സന്ദീപ് പറഞ്ഞ കാര്യങ്ങൾ മാത്രമാണ് പരസ്യത്തിലുള്ളത്. തെറ്റായ കാര്യങ്ങൾ സിപിഎം പറഞ്ഞിട്ടില്ല. സിപിഎം വിദ്വേഷ പ്രചാരണം നടത്തുന്നില്ല. സന്ദീപിന്‍റെ മുൻകാല പോസ്റ്റുകള്‍ അല്ല അതെന്ന് സന്ദീപ് തെളിയിക്കട്ടെയന്നും ഇഎൻ സുരേഷ് ബാബു വെല്ലുവിളിച്ചു. പരസ്യത്തെ മറ്റൊരു നിലയിലേക്ക് തിരിച്ചുവിടുന്നത് നീച ബുദ്ധിയാണ്. ആര്‍എസ്എസ് വിട്ടുപോകില്ലെന്ന് സന്ദീപ് അമ്മയ്ക്ക് വാക്കുകൊടുത്തിട്ടുണ്ട്. സന്ദീപ് പറഞ്ഞ കാര്യം മാത്രമാണ് അതിലുള്ളത്.ഇഎൻ സുരേഷ് ബാബു പറഞ്ഞു