അമിത ജോലി ഭാരം; എഡിജിപിക്കെതിരെ അസോസിയേഷൻ യോഗത്തിൽ വിമർശനം
എഡിജിപി എംആർ അജിത് കുമാറിന് പൊലീസ് അസോസിയേഷൻ യോഗത്തിൽ വിമർശനം. എസ്പിമാർക്ക് മുകളിൽ എഡിജിപി അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നുവെന്നാണ് ആരോപണം. ഇതിന്റെ ഭാരം പൊലീസുകാരിലെത്തുന്നുവെന്നും പ്രതിനിധികൾ പൊലീസ് അസോസിയേഷൻ യോഗത്തിൽ ഉന്നയിച്ചു. എഡിജിപി സാമാന്തര ഇന്റലിജൻസ് ഉണ്ടാക്കി പൊലീസുകാരെ നിരീക്ഷിക്കുന്നുവെന്നും യോഗത്തിൽ ആരോപണം ഉയർന്നിരുന്നു.
പിവി അൻവർ എംഎൽഎയുടെ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം ഇന്ന് അറിയാം. എം ആർ അജിത് കുമാറിനെയും എസ് പി സുജിത് ദാസിനെയും ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി നിറുത്തി അന്വേഷണം നടത്തണമെന്ന് ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. എഡിജിപിയെ മാറ്റിനിർത്തി അന്വേഷണം നടത്തുമോ എന്ന കാര്യം നിർണായകമാവും. സുജിത്ദാസുമായി ബന്ധപ്പെട്ട മരംമുറി സംഭവം അന്വേഷിക്കാൻ മുഖ്യമന്ത്രി ഉടനടി നിർദേശം നൽകിയെങ്കിലും ഇരുവരെയും മാറ്റണമെന്ന ശുപാർശയിൽ ഡിജിപി ഷേഖ് ദർവേഷ് സാഹിബിനോട് റിപ്പോർട്ട് തേടി.
കഴിഞ്ഞ ദിവസം അജിത് കുമാർ ഡിജിപിയെയും മുഖ്യമന്ത്രിയെയും സന്ദർശിച്ച് തന്റെ ഭാഗം വിശദീകരിച്ചിരുന്നു. ഡിജിപിയുടെ റിപ്പോർട്ട് കിട്ടിയാലുടൻ മുഖ്യമന്ത്രിയുടെ തീരുമാനമുണ്ടാകും. ഇരുവരെയും അടിയന്തരമായി ക്രമസമാധാനപാലന ചുമതലയിൽ നിന്നു മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ശുപാർശ.