എസ് പിയുടെ വസതിയിൽ നിന്നും മുറിച്ചത് അപകടഭീഷണിയായ മരക്കൊമ്പുകൾ; പിവി അൻവറിന്റെ വാദങ്ങൾ തെറ്റെന്ന് രേഖകൾ

 

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ വസതിയിൽ നിന്ന് മരങ്ങൾ മുറിച്ച് മാറ്റിയെന്ന പിവി അൻവറിന്റെ വാദങ്ങൾ തെറ്റെന്ന് രേഖകൾ. മരം മുറിച്ച് മാറ്റിയിട്ടില്ലെന്നും അപകടഭീഷണി ഉയർത്തിയ ചില മരങ്ങളുടെ ശിഖരങ്ങൾ മാത്രമാണ് രണ്ടര വർഷം മുമ്പ് മുറിച്ച് മാറ്റിയതെന്നുമാണ് പൊലീസ് രേഖകളിലുളളത്. ക്യാമ്പ് ഓഫീസ് കെട്ടിടത്തിനും സമീപത്തെ വീടുകൾക്കും നാട്ടുകാർക്കും ഭീഷണിയാവുന്ന മരകൊമ്പുകൾ രണ്ടര വർഷം മുമ്പ് 2022 മാർച്ച് 24നാണ് മുറിച്ച് മാറ്റിയത്. 

അന്ന് ഇന്നത്തെ എസ് പി എസ്.ശശിധരനായിരുന്നില്ല മലപ്പുറം എസ്.പിയെന്നും രേഖകളിലുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി അന്ന് അന്വേഷണം ആവശ്യപെട്ട് പരാതി നൽകിയിരുന്നു. 

എസ്.ശശിധരൻ ഔദ്യോഗിക വസതിയിൽ നിന്ന് മരം മുറിച്ചുകടത്തിയെന്നും അതിന്റെ കുറ്റികാണണമെന്നും ആവശ്യപ്പെട്ടായിരുന്നു പി.വി.അൻവർ എം.എൽ.എ ഇന്നലെ മലപ്പുറത്ത് എസ്.പിയുടെ വീട്ടിലെത്തിയത്. എസ് പിയുടെ വീട് ക്യാമ്പ് ഓഫീസ് ആണെന്നും അകത്തേക്ക് കയറ്റി വടണമെന്നും എം എൽ എ പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ മേലുദ്യോഗസ്ഥരുടെ അനുവദം വാങ്ങിയാൽ മാത്രമേ അകത്തേക്ക് കടത്തൂവെന്ന് അറിയിച്ച് പാറവ് നിന്ന പൊലീസ് ഉദ്യോഗസ്ഥൻ അൻവറിനെ തടയുകയായിരുന്നു.