അന്തസ്സോടെ 92 വർഷം ജീവിച്ചയാളെ വേണുഗോപാൽ തരം താഴ്ത്തി; മധുവിന്റെ മകൾ
കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ ഇതിഹാസ നടൻ മധു തന്റെ 92-ാം ജന്മദിനം ആഘോഷിച്ചത്. മധുവിന് ജന്മദിനാശംസകൾ നേർന്നു കൊണ്ടുള്ള ഗായകൻ ജി വേണുഗോപാലിന്റെ സോഷ്യൽ മീഡിയ കുറിപ്പ് ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ വേണു ഗോപാലിന്റെ കുറിപ്പിന് മറുപടിയുമായി മധുവിന്റെ മകൾ രംഗത്തെത്തിയിരിക്കുകയാണ്. വേണുഗോപാൽ പറഞ്ഞ പല കാര്യങ്ങളും സത്യത്തിന് നരക്കുന്നതല്ലെന്നാണ് മധുവിന്റെ മകൾ ഉമ ജയലക്ഷ്മി പറയുന്നത്. വേണു ഗോപാലിനെ വിമർശിച്ചു കൊണ്ടുള്ള ശ്രീകുമാർ തമ്പിയുടെ പോസ്റ്റിന് താഴെയാണ് ഉമയുടെ പ്രതികരണം.
''യാഥാർത്ഥ്യമറിയാതെ എന്റെ അച്ഛനെക്കുറിച്ച് ഗായകൻ വേണുഗോപാൽ എഴുതിയ കുറിപ്പ് ഞങ്ങൾ കുടുംബക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ആ പോസ്റ്റിന്റെ അവസാന ഭാഗം വായിച്ചപ്പോൾ മകളായ ഞാൻ ഞെട്ടിപ്പോയി. ഇത്രയും അന്തസ്സോടെ 92 വർഷം ജീവിച്ചയാളിനെ ഇങ്ങനെ വേണുഗോപാൽ തരം താഴ്ത്തി കണ്ടപ്പോൾ വലിയ ദുഃഖം തോന്നി. ഞാൻ അതിനു മറുപടിയായി ഒരു പോസ്റ്റ് ഇടണം എന്ന് ആലോചിച്ചു. അപ്പോഴാണ് തമ്പിയങ്കിളിന്റെ പേജിൽ ഈ പോസ്റ്റ് കണ്ടത്'' ഉമ ജയലക്ഷ്മി പറയുന്നു.
''എനിക്ക് പറയാൻ കഴിയുന്നതിനേക്കാൾ ഭംഗിയായി അച്ഛനെ ഏറ്റവും അടുത്തറിയാവുന്ന തമ്പി അങ്കിൾ എഴുതിയിരിക്കുന്നു. അത് കണ്ടു ഞങ്ങൾക്കെല്ലാം ആശ്വാസമായി. അദ്ദേഹത്തിന്റെ മകൾ എന്ന നിലയ്ക്ക് ഒരു കാര്യം എനിക്ക് ഉറപ്പായും പറയാൻ കഴിയും. വേണുഗോപാലിന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സത്യത്തിനു നിരക്കുന്നതല്ല. തമ്പിയങ്കിൾ ഉചിതമായ രീതിയിൽ അതിനെതിരെ പ്രതികരിച്ചതിൽ ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു. അങ്കിളിന്റെ ഈ പോസ്റ്റ് ഞാൻ ഷെയർ ചെയ്തുകൊള്ളട്ടെ'' എന്നുമാണ് ഉമ ജയലക്ഷ്മി പറഞ്ഞത്.
മധുവിനെ അടുത്ത ബന്ധുക്കളും വേണ്ടപ്പെട്ടവരും ശ്രദ്ധിക്കുന്നില്ലെന്ന ധ്വനിയുള്ളതായിരുന്നു വേണുഗോപാലിന്റെ കുറിപ്പെന്നായിരുന്നു വിമർശം. വേണു ഗോപാലിനെ പോലുള്ളവർ നിജസ്ഥിതിയറിയാതെ അപവാദം പറഞ്ഞ് പരത്തരുതെന്നാണ് ശ്രീകുമാരൻ തമ്പി പറഞ്ഞത്. മധു സിനിമയ്ക്ക് വേണ്ടി സ്വത്തുകളെല്ലാം വിറ്റു തുലച്ചുവെന്ന് വേണു ഗോപാൽ പറഞ്ഞത് അസത്യമാണെന്നും സിനിമയ്ക്ക് വേണ്ടി ഒരു സെന്റ് ഭൂമി പോലും അദ്ദേഹം നഷ്ടപ്പെടുത്തിയിട്ടില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
വിമർശനത്തിന് പിന്നാലെ വേണുഗോപാൽ തന്റെ തെറ്റ് സമ്മതിക്കുകയും പോസ്റ്റിൽ തിരുത്തലുകൾ വരുത്തുകയും ചെയ്തു. ''അഭിവന്ദ്യനായ നടൻ മധുസാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്നലെ ഞാൻ എന്റെ ഫേസ് ബുക്ക് പോസ്റ്റിൽ എഴുതിയ ചില പരാമർശങ്ങൾ തെറ്റായിരുന്നുവെന്ന് ആദരണീയനും ഗുരു സ്ഥാനീയനുമായ ശ്രീകുമാരൻ തമ്പി സാർ ചൂണ്ടിക്കാട്ടിയതിനെ മാനിച്ചുകൊണ്ട് എന്റെ ഫേസ്ബുക് പോസ്റ്റിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്' എന്നാണ് ശ്രീകുമാർ തമ്പിയ്ക്ക് വേണുഗോപാൽ നൽകിയ മറുപടി.
'വളരെ ഉദ്ദേശശുദ്ധിയോടെ ഇട്ട പോസ്റ്റായിരുന്നു എങ്കിലും അതിൽ മധുസാറിനോ കുടുംബത്തിനോ തമ്പിസാറിനോ മറ്റാർക്കെങ്കിലുമോ വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു' എന്നും അദ്ദേഹം പറഞ്ഞു.