ഇത് എന്‍റെ സെറ്റിലാണോ നടന്നത്'? വെളിപ്പെടുത്തലിന് പിന്നാലെ മോഹന്‍ലാൽ വിളിച്ചിരുന്നുവെന്ന് രാധിക ശരത്‍കുമാര്‍

 

 

മലയാള സിനിമാ സെറ്റുകളില്‍ കാരവാനുകളില്‍ രഹസ്യ ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ചലച്ചിത്രതാരം രാധിക ശരത്കുമാര്‍ നടത്തിയത് ഏതാനും ദിവസം മുന്‍പായിരുന്നു. ഈ വെളിപ്പെടുത്തല്‍ ദേശീയ തലത്തില്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തയ്ക്ക് പിന്നാലെ മോഹന്‍ലാല്‍ തന്നെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നുവെന്നും പറയുകയാണ് രാധിക. ചെന്നൈയില്‍ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു രാധിക ശരത്കുമാറിന്‍റെ പ്രതികരണം.

മോഹന്‍ലാല്‍ സാര്‍ എന്നെ വിളിച്ച് ചോദിച്ചു, അയ്യോ ഇത് എന്‍റെ സെറ്റിലാണോ നടന്നത് എന്ന്. സാര്‍, ഞാന്‍ പേര് പറയാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് പറഞ്ഞു. നിങ്ങളുടേതോ അതോ മറ്റാരുടെയെങ്കിലുമോ സെറ്റ് എന്ന കാര്യം വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്ന കാര്യം അറിയിച്ചു
", രാധിക ശരത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

തമിഴ് സിനിമയിലും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും വാര്‍ത്താ സമ്മേളനത്തില്‍ രാധിക പറഞ്ഞു. തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്നതാണ് പ്രധാന വെളിപ്പെടുത്തല്‍.