സുഹൃത്തിന്റെ കൈയിൽ നിന്ന് കടം വാങ്ങാറുണ്ടോ? ഈ നിയമങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കനത്ത പിഴ നൽകേണ്ടിവരും
നമ്മളിൽ പലരും അത്യാവശ്യ സമയത്ത് സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ കൈയിൽ നിന്ന് പണം കടം വാങ്ങാറുണ്ട് . എന്നാൽ ഇങ്ങനെ പണം കൈവാങ്ങുന്നത് പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ?.ഇന്ത്യയിലെ ആദായ നികുതി നിയമങ്ങൾ പ്രകാരം, ഒരു നിശ്ചിത പരിധിയിൽ കൂടുതൽ തുക, കറൻസിയായി സുഹൃത്തുകളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ കടം വാങ്ങിയാൽ അത് പിഴ നൽകേണ്ടി വരുന്ന കുറ്റമാണ്.20,000 രൂപക്ക് മുകളിൽ കറൻസിയുടെ രൂപത്തിൽ പണം കടം വാങ്ങിയാലാണ് പിഴ നൽകേണ്ടി വരിക.
ഉദാഹരണമായി ഒരു ലക്ഷം രൂപ കറൻസിയുടെ രൂപത്തിൽ ഒരാളിൽ നിന്ന് കടം വാങ്ങിയാൽ അതിന് ഒരു ലക്ഷം വരെ പിഴയൊടുക്കേണ്ടി വന്നേക്കാം.നിയമലംഘനം തെളിഞ്ഞാൽ പണം നൽകിയ ആളേയും വാങ്ങിയ ആളേയും നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. പിഴയൊടുക്കേണ്ട ബാധ്യത പണം നൽകിയ ആൾക്കാണ് ഉണ്ടാവുക. അത് കൊണ്ട് 20,000 രൂപയിൽ കൂടുതലുള്ള ഇടപാടുകളെല്ലാം ബാങ്ക് വഴി നടത്താൻ ശ്രദ്ധിക്കുക. ഇതിനായി ഓൺലൈൻ ട്രാൻസ്ഫർ, ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ ഉപയോഗിക്കാം.ഇതിനൊപ്പം വസ്തുവോ ആഭരണങ്ങളോ മറ്റോ വിറ്റതിന്റെ പ്രതിഫലമായി രണ്ട് ലക്ഷം രൂപ മുകളിൽ കറൻസിയായി വാങ്ങിയാലും അത് കുറ്റകരമാവും. ഇതിന് 271DA സെക്ഷൻ പ്രകാരം പിഴ ചുമത്തും.