ഇന്നലെ ഉറക്കം കിട്ടിയില്ല; കണ്ണിലെ കൃഷ്ണമണി പോലെ ഡോക്ടർമാരെ സർക്കാർ സംരക്ഷിക്കുമെന്ന് മുഹമ്മദ് റിയാസ്

 

കൊട്ടാരക്കരയില്‍ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവം ഓർത്ത് കഴിഞ്ഞ രാത്രി ഉറക്കം കിട്ടിയില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആ സംഭവം ഓര്‍ത്ത് വല്ലാതെ പ്രയാസപ്പെടുകയാണ്. ഡോക്ടര്‍മാരുടെ സംരക്ഷണം സര്‍ക്കാരിന് കണ്ണിലെ കൃഷ്ണമണി പോലെയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോര്‍ജ് നടത്തിയ പ്രസ്താവന ചില കുബുദ്ധികള്‍ വക്രീകരിച്ചതാണെന്നും മന്ത്രി പറഞ്ഞു. 

നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി എല്ലാ പ്രയാസവും അനുഭവിക്കുന്നവരാണ് ഡോക്ടര്‍മാര്‍. സ്വന്തം ജീവന്‍ പോയാലും നാടിനെ സംരക്ഷിക്കണമെന്നതാണ് അവരുടെ നിലപാട്. നിപ കാലത്തും കോവിഡ് കാലത്തും നമ്മൾ അത് കണ്ടതാണ്. അങ്ങനെയുള്ള ഡോക്ടര്‍മാരെ സംരക്ഷിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് കണ്ണിലെ കൃഷ്ണമണി സംരക്ഷിക്കുന്നതിന് തുല്യമാണ്. ലഹരിക്കടിമയായാല്‍ അമ്മയേയും അച്ഛനേയും സഹജീവിയേയും തിരിച്ചറിയാന്‍ പറ്റാത്ത മാറ്റങ്ങള്‍ അവരില്‍ സംഭവിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും മന്ത്രി വ്യക്തമാക്കി. 

ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുമ്പോൾ മന്ത്രിമാര്‍ ശ്രദ്ധിക്കണം. മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള തെറ്റായ പ്രസ്താവനയും വരാന്‍ പാടില്ല. എന്നാല്‍ വീണാ ജോര്‍ജ് ഒരു തരത്തിലും തെറ്റായ പ്രസ്താവന നടത്തിയിട്ടില്ലെന്നും റിയാസ് പറഞ്ഞു.