കോഴിക്കോട് നഗരക്കാഴ്ചകൾ കാണാൻ ഇനി ഡബിൾ ഡക്കർ; കെ.എസ്.ആർ.ടി.സി സിറ്റി റൈഡ് ബസ് ഇന്ന് എത്തും

 

കോഴിക്കോട് നഗരത്തിലെത്തുന്ന സന്ദർശകർക്ക് നഗരഭംഗി ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സിയുടെ 'സിറ്റി റൈഡ്' ഡബിൾ ഡക്കർ ബസ് ഇന്ന് കോഴിക്കോട്ടെത്തും. തിരുവനന്തപുരത്തും കൊച്ചിയിലും വിജയകരമായി തുടരുന്ന ഓപ്പൺ ഡബിൾ ഡക്കർ ഇലക്ട്രിക് ബസ് സർവീസിന്റെ മാതൃകയിലാണ് കോഴിക്കോട്ടും ഇത് നടപ്പിലാക്കുന്നത്. നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ഈ ഇലക്ട്രിക് ബസ് സർവീസ് നടത്തുക.

കോഴിക്കോട്ടേക്കുള്ള ബസ് നെടുമങ്ങാട് നിന്ന് പുറപ്പെട്ടുകഴിഞ്ഞു. ഒരാഴ്ചയ്ക്കകം നഗരത്തിൽ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ നൽകുന്ന വിവരം. ഉയരം കൂടിയ ബസ് ആയതിനാൽ വൈദ്യുതി ലൈനുകളും കേബിളുകളും തടസ്സമാകാത്ത റൂട്ടുകൾ കണ്ടെത്താനുള്ള പരിശോധനകൾ നടന്നുവരികയാണ്. ഇതിനൊപ്പം ഇലക്ട്രിക് ബസ് ആയതിനാൽ ചാർജിങ് സംവിധാനങ്ങളും ഉടൻ സജ്ജമാക്കും.

കോഴിക്കോട് ബീച്ച്, മാനാഞ്ചിറ തുടങ്ങിയ നഗരത്തിലെ പ്രധാന ഇടങ്ങളിലൂടെയുള്ള യാത്ര വിനോദസഞ്ചാരികൾക്കും നഗരവാസികൾക്കും പുതിയൊരു അനുഭവമായിരിക്കും സമ്മാനിക്കുക.