യുവ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

 

കസ്റ്റഡിയിലെടുത്ത പ്രതി യുവ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി 7 ദിവസത്തിനുള്ളിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്കെത്തിച്ച അടിപിടിക്കേസിലെ പ്രതിയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ ഡോക്ടറെ കുത്തികൊലപ്പെടുത്തിയത്. കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയായ കോട്ടയം മാഞ്ഞൂർ സ്വദേശി വന്ദന മേനോൻ (22) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി നെടുമ്പനയിലെ യു.പി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) അറസ്റ്റു ചെയ്തു. 

ആശുപത്രിയിലെ കത്രികയെടുത്ത് കണ്ണിൽ കണ്ടവരെയെല്ലാം കുത്തുകയായിരുന്നു.ആക്രമണത്തിൽ പൊലീസുകാരായ അലക്സ്, ബേബി മോഹൻ, മണിലാൽ, സന്ദീപിന്റെ ബന്ധു ബിനു എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്‌ടർമാർ സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് ഐ.എം.എ അറിയിച്ചു.