ലണ്ടനെയും സിംഗപ്പൂരിനെയും പിന്നിലാക്കി ദുബൈ ആർടിഎ; 20 ലക്ഷം കിലോമീറ്റർ ഓടി ലോക റെക്കോർഡ്
പൊതുഗതാഗത മേഖലയിൽ ലോകത്തെ ഞെട്ടിച്ച് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (RTA) ബസ് സർവീസ്. കഴിഞ്ഞ 18 വർഷമായി തുടർച്ചയായി സേവനം നൽകുന്ന ദുബൈ ബസ്സുകൾ 20 ലക്ഷം കിലോമീറ്റർ ദൂരം പിന്നിട്ട് പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു. ലോകത്തെ പ്രമുഖ നഗരങ്ങളിലെ ഗതാഗത സംവിധാനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ദുബൈയുടെ ഈ ചരിത്ര നേട്ടം.
93 ശതമാനം പ്രവർത്തനക്ഷമത നിലനിർത്തിക്കൊണ്ടാണ് ഈ ബസ്സുകൾ നിരത്തിലിറങ്ങുന്നത്. ലണ്ടനിലെ ബസ്സുകൾ ശരാശരി 13 ലക്ഷം കിലോമീറ്ററും സിംഗപ്പൂരിലേത് 14 ലക്ഷം കിലോമീറ്ററുമാണ് സഞ്ചരിച്ചിട്ടുള്ളത്. ഇവയെ യഥാക്രമം ഏഴ് ലക്ഷവും ആറ് ലക്ഷവും കിലോമീറ്റർ വ്യത്യാസത്തിൽ മറികടന്നാണ് ദുബൈ ഒന്നാമതെത്തിയത്.
കൃത്യമായ അറ്റകുറ്റപ്പണികളും സുസ്ഥിരമായ പരിപാലനവുമാണ് പഴയ ബസ്സുകളെപ്പോലും ഇത്രയും കാലം മികച്ച രീതിയിൽ നിലനിർത്താൻ സഹായിച്ചതെന്ന് ആർടിഎ വ്യക്തമാക്കി. പുതിയ ബസ്സുകൾ വാങ്ങുന്നതിലെ വലിയ സാമ്പത്തിക ബാധ്യത ഒഴിവാക്കാനും ഈ രീതിയിലൂടെ സാധിച്ചു.