ഭൂചലനം; നേപ്പാളിന് ഇന്ത്യയുടെ സഹായ ഹസ്തം, മരണസംഖ്യ 130 കവിഞ്ഞു
Updated: Nov 4, 2023, 13:21 IST
ഇന്നലെയുണ്ടായ ശക്തമായ ഭൂചലനത്തിൽ നേപ്പളിലുണ്ടായത് കനത്ത നാശം130 കവിഞ്ഞു. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പലരും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡൽഹിയിലും ബിഹാറിലും ഉത്തർപ്രദേശിലും പ്രകമ്പനം അനുഭവപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച രാത്രി 11.32 ഓടെയായിരുന്നു ഭൂചലനം. നേപ്പാളിലെ ജാജർകോട്ട്, റുകും വെസ്റ്റ് മേഖലകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദുരന്തനിവാരണ ഏജൻസികളടക്കം പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഭൂചലനത്തെത്തുടർന്ന് വിവിധ പ്രദേശങ്ങളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.