വയനാട് ലോക്സഭ ഉപ തെരഞ്ഞെടുപ്പ് ഉടനില്ല; ജമ്മു കാശ്മീരും ഹരിയാനയും പോളിംഗ് ബൂത്തിലേക്ക്: കാശ്മീരിൽ മൂന്ന് ഘട്ടം

 

വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍ പറഞ്ഞു. 47 ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്താനുണ്ടെന്നും പ്രകൃതിദുരന്തം ഉണ്ടായ വയനാട് ഉടൻ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. സാഹചര്യം പരിശോധിച്ച് ഒന്നിച്ച് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനെ കുറിച്ച് ആലോചിക്കും. കലാവസ്ഥയടക്കമുള്ള ഘടകങ്ങൾ മാനദണ്ഡമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. 

നിയമസഭകളുടെ കാലാവധി അഞ്ച് മാസത്തിനിടെ പൂര്‍ത്തിയാകുന്ന ജമ്മു കശ്മീരിലും ഹരിയാനയുമാണ് നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.  ജമ്മുകാശ്മീരിലെയും ഹരിയാനയിലെയും വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജമ്മുകാശ്മീരിൽ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷൻ രാജീവ് കുമാർ അറിയിച്ചു. സെപ്റ്റംബർ 18ന് ആണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം സെപ്റ്റംബർ 25നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. ഹരിയാന ഒക്ടോബർ ഒന്നിന് വിധി എഴുതും. രണ്ട് സംസ്ഥാനങ്ങളിലെും ഫലം ഒക്ടോബർ നാലിന് പുറത്തുവരും. ഉപതിരഞ്ഞെടുപ്പുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഹരിയാന സർക്കാരിന്റെ കാലാവധി നവംബർ മൂന്നിനാണ് അവസാനിക്കുന്നത്. 2014ന് ശേഷം തിരഞ്ഞെടുപ്പ് നടക്കാത്ത ജമ്മു-കാശ്മീരിൽ സെപ്റ്റംബർ 30നകം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജമ്മുകാശ്മീരിലും ഹരിയാനയിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ രാജീവ് കുമാർ അറിയിച്ചു. കാശ്മീരിൽ വേഗം തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.

ജമ്മുവിൽ ബാലറ്റ് വഴിയാകും വോട്ടെടുപ്പ് നടക്കുക. എല്ലാ വിഭാഗങ്ങൾക്കും ഇത്തവണ വോട്ടവകാശമുണ്ട്. കുടിയേറിയവർക്കും വോട്ട് രേഖപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ച. 11,838 പോളിംഗ് ബൂത്തുകളാണ് കാശ്മീരിലുള്ളത്. ഓരോ ബൂത്തിലും 735 വോട്ടർമാരാണുള്ളത്. മഹാരാഷ്ട്രയിലും ജാർഖണ്ഡിലെയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും പ്രഖ്യാപിച്ചില്ല.

പത്ത് വർഷമായി ബിജെപി അധികാരത്തിൽ തുടരുന്ന ഹരിയാനയിൽ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയെ മാറ്റി മുഖം മിനുക്കൽ നടപടി സ്വീകരിച്ചിരുന്നു. മനോഹർലാൽ ഖട്ടറിന് പകരം നയാബ് സിംഗ് സെയിനിയെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് ബിജെപി കൊണ്ടുവന്നത്. 2014ൽ മോദി തരംഗത്തിലാണ് ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചെടുത്തത്.

രാഹുല്‍ ഗാന്ധി ഒഴിഞ്ഞ വയനാട് ലോക്സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് ഉടനുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യത്തില്‍ ബിജെപിക്കും എല്‍ഡിഎഫിനും അടക്കം കൂടുതല്‍ സമയം ലഭിക്കും.

വയനാട്ടിലും റായ്ബറേലിയും വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിര്‍ത്തുന്നതായി അറിയിച്ചുകൊണ്ട് ലോക്സഭ സ്പീക്കറുടെ ഓഫീസിന് കത്തു നല്‍കിയതോടെയാണ് വയനാട് സീറ്റില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇതിനിടെ, പ്രിയങ്കയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. അതേസമയം, കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്താണ് കോണ്‍ഗ്രസ് നേതൃത്വം പ്രിയങ്കയെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് വിവരം. കേരളത്തില്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി സഹായിക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം.