മാഞ്ചസ്റ്ററില്‍ സമനില പിടിച്ച് ഇന്ത്യ

 

രവീന്ദ്ര ജഡേജയുടെയും വാഷിങ്ടൺ സുന്ദറിന്റെയും സെഞ്ച്വറി കരുത്തിൽ മാഞ്ചസ്റ്റർ ടെസ്റ്റിൽ സമനില പിടിച്ച് ഇന്ത്യ. രണ്ടാം ഇന്നിങ്‌സിൽ ഒരു റൺസ് പോലും സ്‌കോർ ചെയ്യും മുമ്പ് രണ്ട് വിക്കറ്റുകൾ വീണ ഇന്ത്യ വൻതിരിച്ചുവരവിലൂടെയാണ് കളി സമനിലയിൽ പിടിച്ചത്. അഞ്ചാം ദിനം ആദ്യ സെഷനിൽ കെ എൽ രാഹുലിന്റെയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റുകൾ നഷ്ടമാകുകയും ചെയ്തിട്ടും പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 203 റൺസ് കൂട്ടിച്ചേർത്ത ജഡേജ-സുന്ദർ സഖ്യത്തിന്റെ മികവാണ് ഇന്ത്യയ്ക്ക് നിർണായകമായത്. ജഡേജക്ക് പിന്നാലെ സുന്ദറും സെഞ്ച്വറിയിലെത്തിയതോടെ ഇംഗ്ലണ്ട് സമനിലക്ക് സമ്മതിച്ചു.

ഒന്നാം ഇന്നിങ്‌സില്‍ 311 റണ്‍സിന്റെ കൂറ്റന്‍ ലീഡ് വഴങ്ങിയിട്ടും, ബാറ്റിങ്ങില്‍ പുറത്തെടുത്ത വീരോചിതമായ ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് സമനില സമ്മാനിച്ചത്.സ്‌കോര്‍ ഇന്ത്യ 358, 425-4, ഇംഗ്ലണ്ട് 669. മത്സരത്തില്‍ പുലര്‍ത്തിയ ആധിപത്യം വിജയത്തിലേക്ക് എത്തിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും, അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇംഗ്ലണ്ട് 21ന്റെ ലീഡ് നിലനിര്‍ത്തി.

രണ്ടാം ഇന്നിങ്‌സില്‍ ആദ്യ ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെയും (0) തൊട്ടടുത്ത പന്തില്‍ സായ് സുദര്‍ശനെയും (0) പുറത്താക്കിയ ക്രിസ് വോക്‌സും ഇന്ത്യയെ വിറപ്പിച്ചു. ഇന്നിങ്‌സ് തോല്‍വി മുഖാമുഖം കണ്ട ടീം ഇന്ത്യയെ ആദ്യം മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ശുഭ്മന്‍ ഗില്‍ കെഎല്‍ രാഹുല്‍ സഖ്യമാണ്. രണ്ടിന് 174 റണ്‍സുമായി അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ, 143 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സെടുത്താണ് സമനില പിടിച്ചുവാങ്ങിയത്. തകര്‍പ്പന്‍ സെഞ്ച്വറികളുമായി കരുത്തുകാട്ടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (103), കെഎല്‍. രാഹുല്‍(90),രവീന്ദ്ര ജഡേജ (107*), വാഷിങ്ടന്‍ സുന്ദര്‍ (101*) എന്നിവരുടെ ചെറുത്തുനില്‍പ്പുകളാണ് ഇന്ത്യയുടെ വീരോചിത പോരാട്ടത്തിന്റെ നട്ടെല്ല്. പരമ്പരയില്‍ നിര്‍ണായകമായ അവസാന ടെസ്റ്റ് ജൂലൈ 31 മുതല്‍ ലണ്ടനിലെ കെന്നിങ്ടന്‍ ഓവലില്‍ നടക്കും.