അർജുനെ കാണാതായിട്ട് ഒരു മാസമാകുന്നു; ലോറിയുടെ കയർ കിട്ടയത് പ്രതീക്ഷ: തിരച്ചിൽ ഇന്ന് വീണ്ടും ആരംഭിക്കുമെന്നും വലിയ പ്രതീക്ഷയുണ്ടെന്ന് ഈശ്വർ മാൽപെ

 

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ അർജുനെ കാണാതായിട്ട് ഒരു മാസമാകുന്നു. കഴിഞ്ഞ മാസം 16നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനേയും തടകയറ്റി വന്ന ലോറിയേയും മണ്ണിടിച്ചിലിനെത്തുടർന്ന കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ കേരളത്തിന്റെ ഇടപെടലിനെത്തുടർന്നാണ് ദ്രുതഗതിയിലായത്.

പ്രതികൂല കാലാവസ്ഥയും പ്രതിസന്ധി സൃഷ്ടിച്ചു. പ്രാദേശിക സന്നദ്ധ പ്രവർത്തകനും മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ അർജുൻ ഓടിച്ച ലോറിയിൽ കെട്ടിയിരുന്ന കയർ കണ്ടെത്തിയിരുന്നു. ഇന്നലെ കാർവാറിൽ പാലം തകർന്നു കാളി നദിയിൽ പതിച്ച ലോറി ഒരു ദിവസം നീണ്ട ദൗത്യത്തിനൊടുവിൽ മാൽപെയും സംഘവും പുറത്തെടുത്തിരുന്നു. അർജുനായുള്ള തിരച്ചിൽ ഇന്ന് വീണ്ടും ആരംഭിക്കുമെന്നും വലിയ പ്രതീക്ഷയുണ്ടെന്ന് ഈശ്വർ മാൽപെ.

കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം അർജുന്റെ ലോറിയിൽ കെട്ടിയിരുന്ന കയർ കണ്ടെത്തി. ഇക്കാര്യം ലോറി ഉടമ സ്ഥിരീകരിക്കുകയും ചെയ്തു. അതിനാൽ വരും ദിവസങ്ങളിലെ തിരച്ചിലിൽ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്  ഈശ്വർ മാൽപെ പറഞ്ഞു.

വലിയ കല്ലുകളാണ് വെള്ളത്തിനടയിൽ. ഈ കല്ലുകൾ നീക്കാൻ സാധിച്ചാലേ ലോറിയുെട സ്ഥാനം കൃത്യമായി കണ്ടെത്താൻ സാധിക്കു. അതിനാവശ്യമായ ഉപകരണങ്ങൾ ഇല്ല എന്നത് വലിയ പ്രതിസന്ധിയാണ്. തിരച്ചിലിനും മറ്റുമായി ചില സൗകര്യങ്ങൾ ചെയ്തു തരണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം വെള്ളത്തിനടിയിൽ കിടക്കുന്ന കല്ലുകൾ കൈ കൊണ്ട് മാറ്റാൻ സാധിക്കുന്നതല്ല. കല്ല് നീക്കുന്നതിനാവശ്യമായ ചില ഉപകരണങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ അത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മണലും ചെളിയും ഇപ്പോൾ വളരെ കുറവാണ്. വലിയ കല്ലുകളാണ് പ്രതിസന്ധി. ഡ്രഡ്ജിങ് ഉൾപ്പെടെ നടത്തിയാൽ തീർച്ചയായും ലോറി കണ്ടെത്താൻ സാധിക്കും. ലോറിയുടെ കയർ കിട്ടിയത് വലിയ പ്രതീക്ഷയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളത്തിന് ഒഴുക്കു കൂടുതലായിരുന്നു. ഇപ്പോൾ ഒഴുക്കിന്റെ ശക്തി വളരെ കുറഞ്ഞിട്ടുണ്ട്. ഇത് തിരച്ചിലിന് വളരെ അനുകൂലമാണെന്ന്  ഈശ്വർ മാൽപെ പറഞ്ഞു