കൂടിയാലോചന ഇല്ലാതെ  മദ്യകമ്പനിക്ക് അനുവാദം നൽകിയിട്ടും ഘടകകക്ഷികൾ സിപിഎമ്മിന് മുന്നിൽ മുട്ടിടിച്ചു നിൽക്കുന്നു: കെ സുധാകരന്‍

 
k surendran

 

 മറ്റൊരു വകുപ്പുമായും കൂടിയാലോചിക്കാതെ ഇടതുമുന്നണി നയത്തിനു കടകവിരുദ്ധമായി മദ്യകമ്പനിക്ക് അനുവാദം നല്കിയിട്ടും സിപിഐയും മറ്റു ഘടകകക്ഷികളും സിപിഐഎമ്മെന്ന വല്യേട്ടന് മുന്നിൽ മുട്ടിടിച്ച് നില്ക്കുന്നത് അവര്‍ക്കും വിഹിതം കിട്ടിയതുകൊണ്ടാകാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

പേരിനു ലേഖനമെഴുതിയും പ്രസ്താവനയിറക്കിയും സിപിഐ ദാസ്യവേല തുടരുമ്പോള്‍ സിപിഐഎമ്മിന്റെ ഏകാധിപത്യത്തിനെതിരേ പോരാടിയ ചരിത്രം തന്നെയാണ് പാര്‍ട്ടി മറക്കുന്നത്. തിരുത്തല്‍ശക്തിയെന്ന് സ്വയം അവകാശപ്പെടുന്ന സിപിഐ യുടെ നട്ടെല്ലുതന്നെ ഇപ്പോള്‍ എകെജി സെന്ററില്‍ പണയംവച്ചിരിക്കുകയാണ്. ഏതു വകുപ്പുമായിട്ടാണ് കൂടിയാലോചിക്കേണ്ടത് എന്ന് വ്യവസായമന്ത്രി മുഖത്തുനോക്കി ചോദിച്ചിട്ടും ഘടകകക്ഷികള്‍ക്ക് മിണ്ടാട്ടമില്ല. കൊക്കകോളയുടെയും പെപ്‌സിയുടെയും ജലചൂഷണത്തിനെതിരേ നീണ്ട സമരം നടത്തിയ ചരിത്രമുള്ളവരാണ് ഇവര്‍. എന്നാല്‍ മദ്യത്തിനെതിരേ ശബ്ദിക്കില്ല. ഇടതുമുന്നണി ഇപ്പോള്‍ സിപിഎം പ്രൈവറ്റ് ലിമിറ്റഡ് ആയി മാറിയെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

മന്ത്രിസഭായോഗ പരിഗണനയ്ക്ക് വന്ന കുറിപ്പില്‍ എക്സൈസ് മന്ത്രി മറ്റൊരു വകുപ്പുമായും ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഘടകക്ഷികള്‍ കൈകാര്യം ചെയ്യുന്ന കൃഷി, ജലവിഭവം തുടങ്ങിയ വകുപ്പകളോട് പോലും ആലോചിക്കാതെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും മുന്നോട്ട് പോകുന്നത് അതീവ ദുരൂഹമാണ്.ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മദ്യ നിര്‍മ്മാണ പ്ലാന്റുകള്‍ അനുവദിച്ചത് സിപിഐഎം ഏകപക്ഷീയമാണെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിസഭായോഗത്തിലെ പരിഗണനാ കുറിപ്പ്.