സംസ്ഥാനത്ത് കനത്ത ചൂട്; പാലക്കാട് ഈ വർഷത്തെ റെക്കോർഡ് താപനില, 12 ജില്ലകളിൽ യെല്ലോ അലർട്ട്

 

കേരളത്തിൽ ചൂട് കഠിനമാകുന്നു. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ഇന്ന് പാലക്കാട് രേഖപ്പെടുത്തി. 38.9 ഡിഗ്രി സെൽഷ്യസ് ആണ് ജില്ലയിൽ ഇന്ന് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ പാലക്കാട് ഉൾപ്പെടെ സംസ്ഥാനത്തെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണ ലഭിക്കേണ്ടതിനേക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

സൂര്യാഘാതം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ദാഹം തോന്നിയില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. മദ്യം, കാപ്പി, ചായ തുടങ്ങിയ പാനീയങ്ങൾ പകൽസമയത്ത് ഒഴിവാക്കി ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. കുട്ടികൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രത്യേക സംരക്ഷണം ഉറപ്പാക്കണം. ഓൺലൈൻ ഭക്ഷണ വിതരണക്കാർക്കും പുറംജോലികളിൽ ഏർപ്പെടുന്നവർക്കും ആവശ്യമായ വിശ്രമം നൽകണമെന്നും നിർദ്ദേശമുണ്ട്.

ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ തീപിടുത്തങ്ങൾക്കും കാട്ടുതീയ്ക്കും സാധ്യത കൂടുതലായതിനാൽ മാർക്കറ്റുകൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ, വനമേഖലകൾ എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികൾക്ക് ക്ലാസ് മുറികളിലും പരീക്ഷാ ഹാളുകളിലും കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം. വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നത് ഒഴിവാക്കണമെന്നും അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ജാഗ്രതാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.