ആറ് ദിവസത്തേക്ക് ഫേസ്ബുക്കും വാട്സാപ്പും യുട്യൂബും പ്രവർത്തിക്കില്ല; കാരണം വ്യക്തമാക്കി പാക് സർക്കാർ

 

 മുഹറം പ്രമാണിച്ച് ജൂലായ് 13 മുതൽ 18 വരെ ആറ് ദിവസത്തേക്ക് ഫേസ്ബുക്ക്, യുട്യൂബ്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ടിക് ടോക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം നിരോധിക്കാൻ പാകിസ്ഥാൻ സർക്കാർ ഒരുങ്ങുന്നു. പഞ്ചാബിൽ മുഹറം 6 മുതൽ 11 വരെ (ജൂലായ് 13- 18) കാലയളവിൽ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും നിരോധിക്കാൻ മുഖ്യമന്ത്രി മറിയം നവാസിന്റെ കാബിനറ്റ് കമ്മിറ്റി ശുപാർശ ചെയ്‌തെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

120 ദശലക്ഷത്തിലധികം ജനങ്ങളുള്ള ഒരു പ്രവിശ്യയിൽ വിദ്വേഷപരമായ കാര്യങ്ങൾ നിയന്ത്രിക്കാൻ, വിഭാഗീയ അക്രമം ഒഴിവാക്കാൻ,​ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ എന്നിവ തടയുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. വ്യാഴാഴ്ച രാത്രിയാണ് പഞ്ചാബ് സർക്കാർ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. നേരത്തെ നാല് മാസത്തോളം പാകിസ്ഥാനിൽ എക്സ് അക്കൗണ്ട് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

ആറ് ദിവസത്തേക്ക് (ജൂലായ് 13-18) ഇന്റർനെറ്റിലെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും താൽക്കാലികമായി നിർത്തിവയ്ക്കുന്നത് അറിയിക്കാൻ മറിയം നവാസിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മറിയം നവാസിന്റെ അമ്മാവനാണ് ഷെഹബാസ് ഷെരീഫ്.

അതേസമയം, പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീർ ഇതിനകം സോഷ്യൽ മീഡിയയെ 'വിഷകരമായ മീഡിയ' ആയി പ്രഖ്യാപിക്കുകയും ഇത്തരം ഡിജിറ്റൽ ഭീകരതയെ ചെറുക്കേണ്ടതിന്റെ ആവശ്യകത അടിവരയിടുകയും ചെയ്തിരുന്നു. വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ അടുത്തിടെ സോഷ്യൽ മീഡിയയിൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ജയിലിൽ കിടക്കുന്ന മുൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീകെഇയെ തടയാൻ പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതുതെരഞ്ഞെടുപ്പ് ഫലങ്ങളിൽ കൃത്രിമം കാണിച്ചെന്ന ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഫെബ്രുവരി മുതൽ ഷെഹ്ബാസ് സർക്കാർ എക്സിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. 2022 ഏപ്രിലിൽ അവിശ്വാസ പ്രമേയത്തിലൂടെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പുറത്താക്കിയതിന് ശേഷം സൈന്യത്തിനും പാകിസ്ഥാൻ സർക്കാരിനും ഏതിരെ സോഷ്യൽ മീഡിയയിൽ വലിയ തിരിച്ചടിയാണ് ലഭിക്കുന്നത്.