മനുവിന്‍റ മൃതദേഹം കുടുംബം ഏറ്റെടുത്തു; പങ്കാളിക്ക് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാം
ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച എൽജിബിറ്റിക്യു വിഭാഗത്തിൽപ്പെട്ട യുവാവിനിന്‍റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു. ഹൈക്കോടതി വിധിയെ തുടർന്നാണ് കണ്ണൂർ പയ്യാവൂർ സ്വദേശി മനുവിന്റെ മൃതദേഹം ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പത്തിനൊടുവിൽ കുടുംബം ഏറ്റെടുത്തത്. മനുവിന്‍റെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മനുവിന്‍റെ സ്വവർഗ പങ്കാളി ജെബിൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി.
അതേസമയം കളമശേരി മെഡിക്കൽ കോളജിൽ വച്ച് അന്തിമോപചാരമർപ്പിക്കാൻ ഹർജിക്കാരന് ഹൈക്കോടതി അനുമതി നൽകി. മൃതദേഹത്തെ അനുഗമിക്കാനും വീട്ടിലെത്തി അന്തിമോമചാരമർപിക്കാനും അനുവദിക്കണമെന്ന് ഹർജിക്കാരൻ ജെബിൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം മരിച്ചയാളുടെ സഹോദരനുമായി സംസാരിക്കാൻ കോടതി നിർദേശിച്ചു. തുടർന്ന് മൃതദേഹത്തെ അനുഗമിക്കാനും വീട്ടിലെത്തി അന്തിമോമചാരമർപിക്കാനും അനുമതി നൽകുകയായിരുന്നു.
വീട്ടിലെത്തി മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ കുടുംബം അനുവദിച്ചാൽ പൊലീസ് ആവശ്യമായ സംരക്ഷണം നൽകണമെന്നും കോടതി പറഞ്ഞു. മനുവിന്‍റെ പങ്കാളിക്ക് മൃതദേഹത്തെ അനുഗമിക്കാമെന്ന് ബന്ധുക്കൾ അറിയിച്ചു. കണ്ണൂരിലെ വീട്ടിലെത്തി മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിലും എതിർപ്പില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ നിന്നു വീട്ടിലേക്ക് കൊണ്ടുപോയി.
ഫെബ്രുവരി മൂന്നാം തീയതി പുലർച്ചെയാണ് കണ്ണൂർ സ്വദേശിയായ മനു ഫ്ലാറ്റിൽ നിന്നും വീണ് അപകടമുണ്ടായത്. ഫോൺ ചെയ്യാനായി ടെറസിലേക്കു പോയ യുവാവ് തെന്നി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ആദ്യം എറണാകുളം ഗവ. മെഡിക്കൽ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു മരണത്തിനു കീഴടങ്ങി. ഇതിന് പിന്നാലെയാണ് ആശുപത്രിയിൽ നിന്നും പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാൻ നിർദേശം നൽകണമെന്ന ആവശ്യവുമായി ജെബിൻ ഹൈക്കോടതിയെ സമീപിച്ചത്.