അരിക്കൊമ്പന്റെ പേരിൽ ഫാൻസ്‌ അസോസിയേഷൻ തുടങ്ങി; ചിത്രം പതിച്ച ഫ്ലക്സ് ബോർഡും വെച്ചു

 

ചിന്നക്കനാലിൽ നിന്നും പെരിയാറിലേക്ക് മാറ്റിയ അരിക്കൊമ്പന്റെ പേരിൽ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ച് അണക്കര ബി സ്റ്റാൻഡിലെ ഒരുപറ്റം ഓട്ടോറിക്ഷ തൊഴിലാളികൾ. കാട് മൃഗങ്ങള്‍ക്കുള്ളതാണ് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഇവർ ഫാൻസ്‌ അസോസിയേഷൻ തുടങ്ങിയത്.

അരിക്കൊമ്പന്റെ ചിത്രം പതിച്ച ഫ്‌ളക്‌സ് ബോര്‍ഡും ഇവർ ടൗണില്‍ സ്ഥാപിച്ചിട്ടുണ്ട്. അരിക്കൊമ്പന്റെ ആവാസ മേഖലയില്‍ മനുഷ്യന്‍ കടന്നു കയറുകയും അന്യായമായി ആനയെ പിടികൂടി നാടുകടത്തുകയും ചെയ്തതിലുള്ള പ്രതിഷേധം കൂടിയാണിതെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.

ചിന്നക്കനാലിൽ നിന്നും കൊണ്ടുപോകുമ്പോൾ അരിക്കൊമ്പന് കടുത്ത ഉപദ്രവം ഏല്‍ക്കേണ്ടിവന്നതില്‍ മൃഗസ്‌നേഹികള്‍ക്ക് വിഷമവും പ്രതിഷേധവുമുണ്ട്. അരിക്കൊമ്പന്‍ തിരികെ ചിന്നക്കനാലിലേക്ക് തന്നെ എത്തുമെന്നാണ് ഇവർ പറയുന്നത്. അങ്ങനെയാണെങ്കിൽ ജനവാസ മേഖലയില്‍ ആന കടന്നുകയറാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും ഇവര്‍ വ്യക്തമാക്കി.