ശ്രീനാഥ് ഭാസിക്കെതിരെ അന്വേഷണം തുടരാൻ പൊലീസ്; ബിനു ജോസഫുമായി സാമ്പത്തിക ഇടപാട്, മൊഴിയിൽ വൈരുധ്യം 

 

ഓംപ്രകാശ് പ്രതിയായ കൊച്ചിയിലെ ലഹരി ഇടപാട് കേസില്‍ നടൻ ശ്രീനാഥ് ഭാസിക്കെതിരായ അന്വേഷണം തുടരാൻ തീരുമാനം. അറസ്റ്റിലായ ബിനു ജോസഫുമായി ശ്രീനാഥ് ഭാസിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ മൊഴിയിലെ വൈരുധ്യവും പൊലീസ് പരിശോധിക്കും. എന്നാൽ ശ്രീനാഥ് ഭാസിക്ക് ഓം പ്രകാശുമായി നേരിട്ട് ബന്ധമില്ലെന്നാണ് വിലയിരുത്തൽ.

ഇത് ഉറപ്പുവരുത്തുന്നതിനായി ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും കൊച്ചിയിലെ ഹോട്ടലില്‍ എത്തിച്ചത് എളമക്കര സ്വദേശിയായ ബിനു ജോസഫാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും മരട് പൊലീസ് ചോദ്യം ചെയ്തത്.  5 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ശ്രീനാഥ് സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചത്. കേസില്‍ നടി പ്രയാഗ മാര്‍ട്ടിന് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയേക്കുമെന്നാണ് വിവരം. ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ ഇരുവരും എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് പുറമേ ഇരുപതോളം പേരാണ് ഈ മുറിയില്‍ എത്തിയത്.