ആന്ധ്രയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; 13 മരണം, നിരവധി പേർക്ക് പരിക്ക്

 

ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിൽ സ്വകാര്യ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ 13 പേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ ആറ് മണിയോടെ മാർക്കാപുരത്തിന് സമീപമാണ് അപകടമുണ്ടായത്. ഹൈദരാബാദിൽ നിന്ന് പാമുരുവിലേക്ക് പോവുകയായിരുന്ന 'ഹരികൃഷ്ണ ട്രാവൽസിന്റെ' ബസാണ് മണ്ണ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും പെട്ടെന്ന് തീപിടിക്കുകയായിരുന്നു. അഗ്നിശമനസേന എത്തുമ്പോഴേക്കും ബസും ലോറിയും പൂർണ്ണമായും കത്തിനശിച്ചിരുന്നു. ബസിനുള്ളിൽ കുടുങ്ങിപ്പോയവരാണ് മരിച്ചവരിലേറെയും. അപകടത്തിൽ ഇരുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം.

പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു. കനത്ത പുകയും തീയും കാരണം രക്ഷാപ്രവർത്തനം ആദ്യഘട്ടത്തിൽ ദുഷ്കരമായിരുന്നു.

English Slug: 13 killed as private bus collides with lorry and catches fire in Andhra Pradesh.