തീപിടുത്തത്തിൽ മരിച്ച അഗ്നിശമന സേനാംഗം രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും

 

ഇന്ന് കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച അഗ്നിശമന സേനാംഗം രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും. തിരുവനന്തപുരം കണ്ണാശുപത്രിയിൽ നിന്നുള്ള സംഘം ഇതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനായി കിംസിലെത്തി.

തന്റെ ട്രൈനിംഗ് സമയത്ത് തന്നെ രഞ്ജിത് അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രം നൽകിയിരുന്നു. പക്ഷെ ആശുപത്രിയിൽ എത്തുന്നതിനു മുൻപ് മരണം സംഭവിച്ചതിനാൽ മറ്റ് അവയവങ്ങളൊന്നും ദാനം ചെയ്യാനാകില്ല. ഇതിനാലാണ് രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചത്.

തീ അണക്കാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് ചാക്ക ഫയർ ഫോഴ്സ് യൂണിറ്റിലെ ഫയർമാനായ ആറ്റിങ്ങൽ സ്വദേശി ജെ എസ് രഞ്ജിത്ത് മരിച്ചത്. അപകടം ഉണ്ടായ ഉടനെ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ആറ് വർഷമായി ഫയർ സർവ്വീസിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് ഇന്ന് പുലർച്ചെ 1.30 ഓടെ  തീപിടിച്ചത്. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കെട്ടിടം മുഴുവനായും കത്തി നശിച്ചു. സെക്യൂരിറ്റി മാത്രമേ തീപിടിച്ച സമയത്ത് കേന്ദ്രത്തിൽ ഉണ്ടായിരുന്നുള്ളൂ.