വോട്ടെണ്ണൽ ആദ്യ ഫല സൂചനകൾ ; ചേലക്കരയിൽ കാറ്റ് ഇടത്തോട്ട് , വയനാട് പ്രിയങ്ക, പാലക്കാട് ബി.ജെ.പി മുന്നേറുന്നു

 

 


രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യം പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും എണ്ണുമ്പോൾ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ തുടക്കം മുതൽ തന്നെ മുന്നിലാണ്. ചേലക്കരയിൽ യുആർ പ്രദീപ് മുന്നിലാണ്. വയനാട്ടിൽ പ്രിയങ്ക ഗാന്ധി മുന്നിലാണ്. വയനാട്ടിൽ ഇവിഎം എണ്ണിത്തുടങ്ങിയപ്പോഴും വൻ ലീഡ് നില യുഡിഎഫ് നിലനിർത്തുകയാണ്. 


ഒന്നര മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് ഒടുവിലാണ് പാലക്കാട്ടെ ജനം വിധിയെഴുതിയത്. മന്ദഗതിയിൽ തുടങ്ങിയ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലാണ് മെച്ചപ്പെട്ടത്. പാലക്കാട് നഗരസഭയിൽ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. ഇത് ബിജെപിക്ക് അനുകൂലമായേക്കുമെന്നാണ് വിലയിരുത്തൽ. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ 65 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. അന്ന് ബിജെപിയാണ് നഗരസഭാ പരിധിയിൽ കൂടുതൽ വോട്ടുകൾ നേടിയത്. 

വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമാണ് ചേലക്കര. യുആർ പ്രദീപിനെ ഇറക്കി മണ്ഡലം നിലനിർത്താനായിരുന്നു എൽഡിഎഫ് ശ്രമം. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഏറെക്കാലമായി എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്.