കോഴിക്കോട് ബാലുശ്ശേരിയിൽ മലവെള്ള പാച്ചിൽ; പരിശോധന
ബാലുശ്ശേരിയിൽ മലവെള്ളം ഭൂമിയിലേക്ക് വലിയ ശബ്ദത്തോടെ ഒലിച്ചിറങ്ങുന്നതായി നാട്ടുകാര്‍. കോട്ടൂര്‍ പഞ്ചായത്ത് 5-ാം വാര്‍ഡ് പൂനത്ത് തുരുത്തമല കോളനിക്ക് സമീപമാണ് സംഭവം. ശബ്ദം കേട്ടതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. സംഭവം ശ്രദ്ധയിൽ പെടുത്തിയതോടെ പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് പരിശോധന നടത്തി. കോഴിക്കോട് വിലങ്ങാട് മഞ്ഞചീളിൽ ഇന്നലെ ഉരുൾപൊട്ടിയിരുന്നു.
ഉരുൾപൊട്ടിയ സ്ഥലം കോഴിക്കോട് കളക്ടർ ഉൾപ്പടെ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് വീണ്ടും ഉരുൾപൊട്ടിയത്. കളക്ടറും സംഘവും അര മണിക്കൂറോളം സ്ഥലത്ത് കുടുങ്ങി. ഇവരെ റെസ്ക്യൂ ടീം രക്ഷപ്പെടുത്തുകയായിരുന്നു. വയനാട്ടിൽ ഉണ്ടായതിന് സമാനമായ ഉരുൾ പൊട്ടലാണ് കഴിഞ്ഞ ദിവസം കോഴിക്കോട് വിലങ്ങാടും ഉണ്ടായത്. ജനങ്ങൾ ജാഗ്രത പാലിച്ചതിനാൽ ആളപായം ഒഴിവാക്കാനായി. ഒരു പ്രദേശത്തിൻ്റെ ഘടനയും അതിരുകളും മാറ്റി വരച്ചാണ് പ്രകൃതി താണ്ഡവമാടിയത്. ഒന്നിന് പിന്നാലെ മറ്റൊന്നായി ഒമ്പത് തവണ ഉരുൾ പൊട്ടിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.