അഭിഭാഷകയും ബിജെപി മുൻ വക്താവുമായ ആരതി അരുൺ സാതെ ബോംബെ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

 

അഭിഭാഷകയും ബിജെപി മുൻ വക്താവുമായ ആരതി അരുൺ സാതെ ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി മുൻ വക്താവുമായ ആരതി ഉൾപ്പെടെ മൂന്നുപേരാണ് ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് അലോക് ആരാധെയാണ് ആരതി, അജിത് കഡേതങ്കർ, സുശീൽ ഘോടേശ്വർ എന്നിവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആരതിയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശയ്‌ക്കെതിരേ ആരതിയുടെ ബിജെപി ബന്ധം ചൂണ്ടിക്കാണിച്ചുകൊണ്ട് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. 

എന്നാൽ, ആരതി പാർട്ടിയിൽനിന്ന് നേരത്തെ തന്നെ രാജിവെച്ചുവെച്ചതാണെന്നായിരുന്നു ബിജെപിയുടെ മറുപടി. 2023 ഫെബ്രുവരി മുതൽ 2024 ജനുവരി വരെ ആയിരുന്നു ആരതി മഹാരാഷ്ട്രയിലെ ബിജെപി വക്താവായിരുന്നത്. അഭിഭാഷകവൃത്തിയിൽ ഇരുപതിലധികം വർഷത്തെ പ്രവൃത്തിപരിചയമുണ്ട് ആരതിക്ക്. വ്യക്തിപരവും തൊഴിൽപരവുമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് 2024 ജനുവരിയിലാണ് ആരതി ബിജെപി വക്താവ് സ്ഥാനം രാജിവെച്ചത്.