പലസ്തീൻ പ്രശ്നത്തിൽ നിർണ്ണായക പ്രഖ്യാപനവുമായി ഫ്രാൻസ്

 

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാൻസ്. സെപ്തംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഫലസ്തീൻ രാഷ്ട്രത്തെ ഫ്രാൻസ് ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കൊലയിൽ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് മാക്രോണിൻറെ പ്രഖ്യാപനം. "ഇന്നത്തെ അടിയന്തര കാര്യം ഗസ്സയിലെ യുദ്ധം അവസാനിക്കുകയും സാധാരണ ജനങ്ങളെ രക്ഷിക്കുകയും ചെയ്യുക എന്നതാണ്," മാക്രോൺ പറഞ്ഞു. 'സമാധാനം സാധ്യമാണ്' അദ്ദേഹം കൂട്ടിച്ചേർത്തു. "മിഡിൽ ഈസ്റ്റിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനായുള്ള ചരിത്രപരമായ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ഫ്രാൻസ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കും," മാക്രോൺ പ്രഖ്യാപിച്ചു, "ഫ്രഞ്ച് ജനതയുടെ ഇഷ്ടത്തിന് അനുസൃതമായ ഒരു ചുവടുവെപ്പ്" എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. "മറ്റൊരു ബദലുമില്ല.സമാധാനം സാധ്യമാണെന്ന് തെളിയിക്കേണ്ടത് ഫ്രഞ്ചുകാരും ഇസ്രായേലികളും ഫലസ്തീനികളും യൂറോപ്യൻ, അന്താരാഷ്ട്ര പങ്കാളികളും ചേർന്നാണ്." അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഫലസ്തീനെ അംഗീകരിക്കാനുള്ള ഫ്രാൻസിൻറെ നീക്കത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബിഞ്ചമിൻ നെതന്യാഹു അപലപിച്ചു. തീരുമാനം അപകടകരവും വഴി തെറ്റിയതുമാണെന്ന് കുറ്റപ്പെടുത്തി. "ഒക്ടോബർ 7 ലെ കൂട്ടക്കൊലയ്ക്ക് ശേഷം ഒരു ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭീകരതക്കുള്ള പ്രതിഫലമാണ്'' അത്തരമൊരു രാഷ്ട്രം മറ്റൊരു ഇറാനിയൻ പ്രോക്സി ആയി മാറുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി, "ഫലസ്തീനികൾ ഇസ്രായേലിനൊപ്പം സമാധാനം ആഗ്രഹിക്കുന്നില്ല - അവർ അതിൻറെ നാശമാണ് ആഗ്രഹിക്കുന്നത്" അദ്ദേഹം കൂട്ടിച്ചേർത്തു.

ഫലസ്തീൻ അതോറിറ്റി മാക്രോണിൻറെ തീരുമാനത്തെ സ്വാഗതം ചെയ്തു. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന ആദ്യത്തെ പ്രധാന പാശ്ചാത്യ ശക്തിയാകാനുള്ള ഫ്രാൻസിൻറെ താത്പര്യം സ്ഥിരീകരിച്ചുകൊണ്ട്, ഫലസ്തീൻ അതോറിറ്റി പ്രസിഡൻറ് മഹ്മൂദ് അബ്ബാസിന് അയച്ച കത്തും മാക്രോൺ പ്രസിദ്ധീകരിച്ചു. "ഞങ്ങൾ മാക്രോണിനോട് നന്ദിയും കടപ്പാടും അറിയിക്കുന്നു. ഈ നിലപാട് അന്താരാഷ്ട്ര നിയമത്തോടുള്ള ഫ്രാൻസിൻറെ പ്രതിബദ്ധതയും ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനുള്ള പിന്തുണയും പ്രതിഫലിപ്പിക്കുന്നു," ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻറെ വൈസ് പ്രസിഡൻറ് ഹുസൈൻ അൽ ഷെയ്ഖ് പറഞ്ഞു.