വയനാട് ദുരന്തബാധിതർക്കുള്ള സൗജന്യ ചികിത്സാ പദ്ധതി ഡിസംബർ 31 വരെ നീട്ടി
വയനാട് ദുരന്തബാധിതർക്കുള്ള സൗജന്യ ചികിത്സാ പദ്ധതി ഈ വർഷം ഡിസംബർ 31 വരെ നീട്ടി. ചികിത്സാ ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി ജില്ലാ കളക്ടർ 2025 ഫെബ്രുവരി 22-ന് പുറപ്പെടുവിച്ച നടപടിക്രമം മന്ത്രിസഭായോഗം അംഗീകരിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്കും ബാധകമാക്കാൻ നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
നിലവിലെ ചികിത്സാ ചെലവുകൾക്കും ഭാവിയിൽ ഉണ്ടായേക്കാവുന്ന ആവശ്യങ്ങൾക്കും ഉൾപ്പെടെ, 6 കോടി രൂപ സൗജന്യ ചികിത്സാ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വയനാട് ദുരന്തബാധിതർക്കായി അനുവദിക്കാനും തീരുമാനമായി. കൂടാതെ, ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങൾക്കായി കണ്ടെത്തിയ 5 ഹെക്ടർ ഭൂമിക്ക് അവകാശ രേഖ (RoR) അടിയന്തരമായി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വയനാട് ജില്ലാ കളക്ടർക്ക് മന്ത്രിസഭായോഗം നിർദ്ദേശം നൽകി.
മുണ്ടക്കൈ പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പുഞ്ചിരിമട്ടം ഉന്നതിയിലെ അഞ്ച് കുടുംബങ്ങളെയും, പുതിയ വില്ലേജ് ഉന്നതിയിലെ മൂന്ന് കുടുംബങ്ങളെയും വയനാട് ടൗൺഷിപ്പ് പ്രോജക്ട് മാതൃകയിലുള്ള വീടുകൾ നിർമ്മിച്ച് പുനരധിവസിപ്പിക്കും. നിലവിൽ പുനരധിവാസ പട്ടികയിൽ ഉൾപ്പെടാത്ത എറാട്ടുകണ്ടം ഉന്നതിയിലെ അഞ്ച് കുടുംബങ്ങളെ മുണ്ടക്കൈ ലിസ്റ്റിൽ ഉൾപ്പെടുത്തി 10 സെന്റ് വീതം ഭൂമിയും വീടും അനുവദിക്കും. പുത്തുമലയിൽ ദുരന്തബാധിതരെ അടക്കം ചെയ്ത സ്ഥലത്ത് പ്രാർത്ഥന നടത്താനായി ഒരു സ്മാരകം നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്മാരക നിർമ്മാണത്തിനായി നിർമ്മിതി കേന്ദ്രം സമർപ്പിച്ച 99.93 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും അംഗീകരിച്ചു.