മഹാരാഷ്ട്ര നഗരസഭാ തെരഞ്ഞെടുപ്പിൽ ഗൗരി ലങ്കേഷ് കൊലക്കേസ് പ്രതി ശ്രീകാന്ത് പൻഗാർക്കർക്ക് വിജയം
മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിയായ ശ്രീകാന്ത് പൻഗാർക്കർ വിജയിച്ചു. ജൽന കോർപറേഷനിലെ 13-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം ബി.ജെ.പി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് നഗരസഭയിലെത്തിയത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം പൻഗാർക്കർക്കെതിരെ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ശ്രീകാന്ത് പൻഗാർക്കർ മുൻപും രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 2001-ലും 2006-ലും അവിഭക്ത ശിവസേനയുടെ കോർപറേറ്ററായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. പിന്നീട് സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി വിട്ട അദ്ദേഹം 2011-ൽ ഹിന്ദു ജൻജാഗ്രുതി സമിതി എന്ന തീവ്ര ഹിന്ദുത്വ സംഘടനയിൽ ചേർന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ വീണ്ടും ഷിൻഡെ പക്ഷ ശിവസേനയിൽ ചേരാൻ ശ്രമിച്ചെങ്കിലും പൊതുസമൂഹത്തിൽ നിന്നുള്ള ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിന്മാറുകയായിരുന്നു.
2018-ൽ നാടൻ ബോംബുകളും മാരകായുധങ്ങളും കൈവശം വെച്ച കേസിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (ATS) പൻഗാർക്കറെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ ചോദ്യം ചെയ്യലിലൂടെയാണ് മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ വധവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം പുറത്തുവന്നത്. 2021-ൽ ഗൗരി ലങ്കേഷ് കേസിൽ പ്രതിചേർക്കപ്പെട്ട ഇയാൾക്ക് 2024-ലാണ് ജാമ്യം ലഭിച്ചത്. സനാതൻ സൻസ്ത എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.