ഹേമ കമ്മിറ്റി റിപ്പോർട്ട്; സൂക്ഷിച്ചേ നിലപാടെടുക്കൂ എന്ന് പറയുന്നത് ഇടതുപക്ഷ സർക്കാരിന് ചേർന്നതല്ല: ജോളി ചിറയത്ത്

 

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടലുണ്ടാക്കിയില്ലെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ ജോളി ചിറയത്ത്. അതിലും ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾക്ക് ശേഷമാണല്ലോ റിപ്പോർട്ട്‌ വന്നത്. തുടർ നടപടി സ്വീകരിക്കേണ്ടത് സർക്കാരാണ്. ഒരുപാട് മൂലധന നിക്ഷേപമുള്ള വ്യവസായമാണ് സിനിമ എന്നതിനാൽ സൂക്ഷിച്ചേ നിലപാടെടുക്കൂ എന്ന് പറയുന്നത് ഇടതുപക്ഷ സർക്കാരിന് യോജിച്ചതല്ല. സിനിമാ സംഘടനകളുടെ നിശബ്ദത പുതിയ കാര്യമല്ലെന്നും ജോളി ചിറയത്ത് പറഞ്ഞു.

"അഞ്ച് കൊല്ലത്തോളം റിപ്പോർട്ട് സർക്കാരിന്‍റെ കയ്യിലിരുന്നു. സർക്കാർ ആരെയാണ് പേടിക്കുന്നത്? ഞങ്ങൾക്ക് പേടിയുണ്ടാകുന്നത് മനസ്സിലാക്കാം. കൂടെനിന്ന് പിന്തുണ നൽകേണ്ട സർക്കാർ ആരെയാണ് ഭയക്കുന്നത്? ലൈംഗികാതിക്രമം ഉണ്ടായാൽ സ്വമേധയാ കേസെടുക്കണം. കണ്ണിൽ പൊടിയിട്ട് മായ്ച്ചുകളയാൻ പറ്റില്ല. കാരണം ജാഗ്രതയോടെ പൊതുസമൂഹം ഈ വിഷയത്തിന് പിന്നാലെയുണ്ട്"- ജോളി ചിറയത്ത് പറഞ്ഞു.

പ്രതീക്ഷ വയ്ക്കുക എന്നത് മാത്രമേ മുന്നിൽ വഴിയുള്ളൂ. അല്ലെങ്കിൽ വിഷാദത്തിലെത്തിപ്പോകും. പ്രതീക്ഷ കൊടുക്കേണ്ടതും നിലനിർത്തേണ്ടതും സർക്കാരാണ്. അതിനല്ലേ അവരെ തെരഞ്ഞെടുത്തത്? സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്ന സർക്കാരാണിത്. ഒരുപാട് മൂലധന നിക്ഷേപമുള്ള വ്യവസായമാണ് സിനിമ എന്നതിനാൽ സൂക്ഷിച്ചേ നിലപാടെടുക്കൂ എന്ന് പറയുന്നത് ഇടതുപക്ഷ സർക്കാരിന് ചേർന്നതല്ല. സിനിമ - സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറയുന്നത് കേൾക്കുമ്പോൾ നാണക്കേട് തോന്നുന്നുവെന്നും ജോളി ചിറയത്ത് പ്രതികരിച്ചു. 

അതേസമയം ഡബ്ല്യു സി സി  നിർദ്ദേശിച്ചവരുടെ മൊഴിയാണ് ഹേമ കമ്മിറ്റി രേഖപ്പെടുത്തിയതെന്ന് അമ്മ അംഗം കുക്കു പരമേശ്വരൻ ആരോപിച്ചു. കുറ്റാരോപിതരുടെ വാദം കേൾക്കാതെയാണ് റിപ്പോർട്ട് പുറത്തുവന്നത്. പരാതിയുള്ളവർ പേരുകൾ തുറന്ന് പറയണമെന്ന് കുക്കു പരമേശ്വരൻ ആവശ്യപ്പെട്ടു. അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സെൽ സ്വതന്ത്രമായാണ് പ്രവർത്തിച്ചതെന്നും അമ്മ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ കുക്കു പരമേശ്വരൻ അവകാശപ്പെട്ടു.