നിയമസഭ പാസ്സാക്കി അയച്ച അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; ആറെണ്ണത്തില്‍ തീരുമാനം നീളുന്നു

 

സര്‍ക്കാരുമായുള്ള പോരിനിടെ നിയമസഭ പാസ്സാക്കി അയച്ച അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. വിവാദമായ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ഒഴികെയുള്ള ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ലോകായുക്ത, സര്‍വകലാശാല അടക്കം ആറു ബില്ലുകളില്‍ തീരുമാനം നീളുകയാണ്.

വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. കൂടുതല്‍ വിശദീകരണം ആവശ്യമില്ലാത്തതായ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടതെന്നാണ് സൂചന. ആകെ 11 ബില്ലുകളാണ് നിയമസഭ പാസ്സാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചത്.
ഇതില്‍ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഒപ്പുവെക്കില്ലെന്ന് ഗവര്‍ണര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ശേഷിക്കുന്ന നാലു ബില്ലുകളില്‍ ബന്ധപ്പെട്ട മന്ത്രിമാരോ വകുപ്പു സെക്രട്ടറിമാരോ നേരിട്ടെത്തി വിശദീകരണം നല്‍കിയാല്‍ മാത്രമേ ഒപ്പിടുകയുള്ളൂ എന്നാണ് ഗവര്‍ണറുടെ നിലപാട്.

ഇക്കാര്യം കഴിഞ്ഞദിവസം ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു വൈകീട്ട് ഡല്‍ഹിക്ക് പോകും. അടുത്തമാസം മൂന്നിന് മാത്രമാണ് ഗവര്‍ണര്‍ തിരികെ കേരളത്തിലെത്തുക.