സഹായമില്ലാതെ ജയിൽ ചാടാൻ ഗോവിന്ദച്ചാമിക്ക് കഴിയില്ല, വധശിക്ഷ നൽകണം; സൗമ്യയുടെ അമ്മ

 


സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ജയിൽ ചാടിയതിന് പിന്നാലെ പിടികൂടിയ വാർത്തയോട് വൈകാരികമായി പ്രതികരിച്ച് സൗമ്യയുടെ അമ്മ സുമതി. ഗോവിന്ദച്ചാമി ജയിൽ ചാടിയെന്നറിഞ്ഞതുമുതൽ ഭയത്തിലായിരുന്നുവെന്നും, പ്രതിയെ പിടികൂടിയവരോട് നന്ദിയുണ്ടെന്നും സുമതി പറഞ്ഞു. കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിയുടെ ശിക്ഷ വർധിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 'ഒരാളുടെ സഹായമില്ലാതെ ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ കഴിയില്ല. സഹായിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പ്രതിക്ക് നൽകേണ്ടത് വധശിക്ഷയാണ്,' സുമതി ഊന്നിപ്പറഞ്ഞു.

'ഇവനെപ്പോലുള്ളവർ ജയിൽ ചാടിയാലുള്ള അവസ്ഥ എന്താണ്? ജയിൽ ചാടിയ വാർത്ത അറിഞ്ഞതുമുതൽ ഓരോ പെൺകുട്ടികളുടെയും അവസ്ഥ ആലോചിച്ച് ഇത്രനേരവും തീ തിന്നുകയായിരുന്നു. എത്ര പെൺകുട്ടികളുടെ ജീവിതം നശിക്കുമെന്നോർത്ത് ഭയമായിരുന്നു. അവനെ പിടിച്ചവരോടാണ് നന്ദി പറയാനുള്ളത്. തുടക്കം മുതൽ ഞാൻ പറഞ്ഞിരുന്നു, അവൻ കണ്ണൂർ വിടാനുള്ള സമയമായിട്ടില്ലെന്ന്.'

'പിടിച്ചതിന് ശേഷവും ഇനിയും സുരക്ഷിതത്വം വർധിപ്പിച്ചില്ലെങ്കിൽ ഇതിലും അപ്പുറം കാര്യങ്ങൾ അവൻ ചെയ്യും. വലിയ സുരക്ഷ ഏർപ്പെടുത്തണം. ഒരാളുടെ സഹായമില്ലാതെ ജയിൽ ചാടാൻ അവന് കഴിയില്ല. കാരണം ഇത് ചെറിയ മതിലല്ല. തീർച്ചയായും ജയിലിൽ നിന്നുള്ള ആരോ പിന്തുണ നൽകിയിട്ടുണ്ട്. അവരെ വെറുതെ വിടരുത്.' 'ഇന്നും നാട്ടുകാർ എന്നെ വിളിച്ച് ആശ്വസിപ്പിക്കാറുണ്ട്. അവനെ പിടിക്കാൻ സഹായിച്ചവർക്ക് ഒരുപാട് നന്ദി. ഗോവിന്ദച്ചാമിയുടെ ശിക്ഷ വർധിപ്പിക്കണം. ജയിൽ ചാടിയ ഗോവിന്ദച്ചാമിക്ക് കടുത്ത ശിക്ഷ നൽകണം. തൂക്കുകയർ തന്നെ നൽകണം. ഇത്രയും കൊടുംകുറ്റവാളിയെ വെറുതെ വിടാൻ പാടില്ല,' സൗമ്യയുടെ അമ്മ പറഞ്ഞുനിർത്തി.