റെക്കോർഡ് വിൽപ്പന നടത്തി പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയും ഹ്യുണ്ടായി മോട്ടോർ ഇന്ത്യയും ടാറ്റ മോട്ടോഴ്‌സും

 

ഒമ്പത് ദിവസത്തെ നവരാത്രി ഉത്സവത്തിന്റെ ആദ്യ ദിവസം നടപ്പാക്കിയ ജിഎസ്ടി പരിഷ്‌കരണത്തിൽ നേട്ടം കൊയ്ത് പ്രമുഖ കാർ നിർമ്മാതാക്കൾ. തിങ്കളാഴ്ച പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയും ഹ്യുണ്ടായി മോട്ടോർ ഇന്ത്യയും ടാറ്റ മോട്ടോഴ്‌സും റെക്കോർഡ് വിൽപ്പനയാണ് നടത്തിയത്. മാരുതി ഏകദേശം 30,000 കാറുകൾ ഡെലിവർ ചെയ്തു. തിങ്കളാഴ്ച കാർ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മാരുതിക്ക് 80,000 എൻക്വയറികളാണ് ലഭിച്ചത്. തിങ്കളാഴ്ച അഭൂതപൂർവ്വമായ ഉപഭോക്തൃ പ്രതികരണമാണ് ഉണ്ടായതെന്ന് മാരുതി അറിയിച്ചു. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പ്രതികരണമാണിത്.

നവരാത്രിയുടെ ആദ്യ ദിവസം ഹ്യുണ്ടായ് ഏകദേശം 11,000 ഡീലർ ബില്ലിങ്ങുകളാണ് കൈകാര്യം ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും മികച്ച ഒറ്റ ദിവസത്തെ പ്രകടനമാണിത്. ടാറ്റ ഏകദേശം 10,000 കാറുകൾ ഡെലിവറി ചെയ്തു. ഇത് കമ്പനിയുടെ മികച്ച പ്രകടനമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. പുതിയ ജിഎസ്ടി ഘടന പ്രകാരം, താരതമ്യേന ചെറിയ കാറുകൾ (4 മീറ്ററിൽ താഴെയുള്ള മോഡലുകൾ) 18 ശതമാനം സ്ലാബിലാണ് വരുന്നത്. 

വലിയ മോഡലുകളും ആഡംബര കാറുകളും ഇപ്പോൾ 40 ശതമാനം സ്ലാബിലാണ്. നേരത്തെ സെസ് ഉൾപ്പെടെ മൊത്തത്തിലുള്ള നികുതി 43 ശതമാനം മുതൽ 50 ശതമാനം വരെയായിരുന്നു (28% ജിഎസ്ടി + 15% മുതൽ 22% വരെ നഷ്ടപരിഹാര സെസ്). ജിഎസ്ടി പരിഷ്‌കരണത്തെ തുടർന്ന് എല്ലാ സെഗ്മെന്റുകളിലും കാറുകളുടെ വില കുറഞ്ഞിട്ടുണ്ട്. വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി കമ്പനികൾ അധിക ഉത്സവ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.