കനത്ത മഴ; കൽപ്പറ്റ നഗര മധ്യത്തിലെ കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ അപകടം

 
കനത്ത മഴയില്‍ വയനാട് കല്‍പ്പറ്റ നഗര മധ്യത്തിലെ കെട്ടിടം തകര്‍ന്നു വീണു. കെട്ടിടത്തിന്‍റെ മുന്‍ഭാഗവും മേല്‍ക്കൂരയും ഉള്‍പ്പെടെയാണ് റോഡിലേക്ക് തകര്‍ന്ന് വീണത്. തിരക്കേറിയ സമയത്താണ് കെട്ടിടത്തിന്‍റെ മുൻഭാഗം തകര്‍ന്നുവീണതെങ്കിലും ആളപായമില്ല. കോഴിക്കോട്-കൊല്ലെഗല്‍ ദേശീയപാതയിലേക്കാണ് കെട്ടിട ഭാഗങ്ങള്‍ തകര്‍ന്നുവീണത്. ഇതേതുടര്‍ന്ന് റോഡില്‍ ഗതാഗത തടസമുണ്ടായി. കെട്ടിട അവശിഷ്ടങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 

കല്‍പ്പറ്റ ആനപ്പാലം ജങ്ഷന് സമീപം യെസ് ഭാരത് ടെകസ്റ്റൈല്‍സിന് മുൻവശത്തായുള്ള ഇരുനില കെട്ടിടത്തിന്‍റെ മുൻഭാഗവും മേല്‍ക്കൂരയുമാണ് തകര്‍ന്നുവീണത്. കാലപഴക്കം ചെന്ന കെട്ടിടമാണിത്. ഇവിടെ ഡിജിറ്റല്‍ സ്റ്റുഡിയോയും സൂപ്പര്‍മാര്‍ക്കറ്റും അടക്കമുള്ള സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം.