'മിദ്ഹിലി' ചുഴലിക്കാറ്റ്; സംസ്ഥാനത്ത് 3 ദിവസം ഇടി മിന്നലോടു കൂടിയ മഴ

 

ബംഗാൾ ഉൾക്കടലിൽ 'മിദ്ഹിലി' ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട  അതിതീവ്ര ന്യൂനമർദമാണ് 'മിദ്ഹിലി' ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ചുഴലിക്കാറ്റ്  ഇന്ന് രാത്രിയോടെയോ- നാളെ രാവിലെയോടെയോ വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ച് ബംഗ്ലാദേശ് തീരത്തുകൂടി സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

ബംഗാൾ ഉൾകടലിൽ ശ്രീലങ്ക- തമിഴ്‌നാട് തീരത്തിനു സമീപവും അറബികടലിൽ കന്യാകുമാരി തീരത്തിനു സമീപവും ചക്രവാതചുഴികൾ സ്ഥിതിചെയുന്നുണ്ട്. നിലവിൽ ഒഡിഷ തീരത്തു നിന്നും കിഴക്ക് ദിശയിൽ 190 കി.മി അകലെയും പശ്ചിമ ബംഗാളിന്റെ തെക്ക് -തെക്ക് കിഴക്കു ദിശയിൽ 200 കി.മി അകലെയും ബംഗ്ലാദേശിന്റെ തെക്കു പടിഞ്ഞാറു ദിശയിൽ 220 കി.മി അകലെയുമായാണ് ചുഴലിക്കാറ്റ്  സ്ഥിതിചെയ്യുന്നത്. ചുഴലിക്കാറ്റ് രൂപ്പെട്ടതോടെ കേരളത്തിൽ അടുത്ത 3  ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്കും ഒറ്റപ്പെട്ടയിടങ്ങളിൽ  ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.